KERALA NEWS TODAY KOCHI :കൊച്ചി: കൊച്ചിൻ കാർണിവൽ നടക്കാൻ രണ്ടുനാൾ മാത്രം ശേഷിക്കെ സുരക്ഷാ ക്രമീകരണങ്ങൾ അടക്കം എല്ലാ സൗകര്യങ്ങളും സജ്ജമാക്കിയതായി ജനപ്രതിനിധികൾ അറിയിച്ചു. അപകടരഹിതമായി കാർണിവൽ നടത്താനുള്ള എല്ലാം സൗകര്യങ്ങളും ഒരുക്കിയതായി കൊച്ചി മേയർ അഡ്വ. എം അനിൽ കുമാർ പറഞ്ഞു.ഫോർട്ട് കൊച്ചിയിലെ പാപ്പാഞ്ഞി കത്തിക്കൽ ആഘോഷത്തിന് പുറമേ പള്ളുരുത്തിയിലും എറണാകുളത്തപ്പൻ മൈതാനത്തും പുതുവത്സര പരിപാടികൾ ഒരുക്കിയതായി മേയർ അറിയിച്ചു. മുൻവർഷത്തെ തിരക്ക് കണക്കിലെടുത്ത്, പപ്പാഞ്ഞിയെ കത്തിച്ച ശേഷവും പരിപാടികൾ തുടരും. ആളുകൾ കൂട്ടത്തോടെ മടങ്ങുന്നത് ഒഴിവാക്കാനാണ് ഇത്തരത്തിൽ അധികനേരം ആഘോഷപരിപാടികൾ ഒരുക്കിയിരിക്കുന്നത്.
തിരക്ക് ഒഴിവാക്കാൻ പ്രത്യേക പ്ലാൻ തന്നെ തയ്യാറാക്കിയതായി ഫോർട്ട് കൊച്ചി സബ് കളക്ടർ കെ മീര വ്യക്തമാക്കി. കാർണിവൽ നടക്കുന്ന ഫോർട്ട് കൊച്ചി പരേഡ് ഗ്രൗഡിൽ നിരവധി എക്സിറ്റ് വാതിലുകൾ ക്രമീകരിക്കും, പരമാവധി ആളുകൾ അകത്തേക്ക് കടന്നാൽ അവിടം പിന്നീട് ബാരിക്കേഡ് വെച്ച് തടയും. ശേഷം ആളുകളെ കടത്തിവിടില്ല. അന്നേദിവസം അത്യാവശ്യ ഘട്ടങ്ങളിൽ ഉപയോഗപ്പെടുത്താൻ കൂടുതൽ പേരുള്ള മെഡിക്കൽ സംഘത്തെ തന്നെ തയ്യാറാക്കുമെന്നും സബ് കളക്ടർ അറിയിച്ചു.