Latest Malayalam News - മലയാളം വാർത്തകൾ

നാല് നാൾ നീളുന്ന ജലപ്പരപ്പിലെ ഉത്സവം; ബേപ്പൂർ ഇൻ്റർനാഷണൽ വാട്ടർ ഫെസ്റ്റിന് തുടക്കം

KERALA NEWS TODAY KOZHIKODE:കോഴിക്കോട്: ഇനി ഓളപ്പരപ്പിലും തീരത്തും ആവേശം അലതല്ലുന്ന നാല് ദിനരാത്രങ്ങൾ. സാഹസിക ജല കായിക മത്സരങ്ങളുടെ ഭൂപടത്തിൽ കേരളത്തിന് ഇടം നേടിക്കൊടുത്ത ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റിന്റെ സീസൺ മൂന്നിന് തുടക്കമായി. രാവിലെ കോഴിക്കോട് ബീച്ചിൽനിന്ന് ബേപ്പൂർ ബീച്ചിലേക്ക് നടത്തിയ സൈക്കിൾ റാലിയോടെയാണ് വാട്ടർ ഫെസ്റ്റിന് ഔപചാരിക തുടക്കമായത്. ബേപ്പൂർ ബീച്ചിൽ ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിങ് പാതകയുയർത്തി.ഡിസംബർ 29 വരെ നീളുന്ന മേളയുടെ ഒരുക്കങ്ങളെല്ലാം കഴിഞ്ഞ ദിവസങ്ങളിലായി പൂർത്തിയാക്കിയിരുന്നു. വാട്ടർ സ്‌പോർട്‌സ് ഇനങ്ങളും ഭക്ഷ്യമേളയും മറ്റു കലാപരിപാടികളും അരങ്ങേറുന്ന ഫെസ്റ്റ് ടൂറിസം വകുപ്പും ജില്ലാ ഭരണകൂടവും ചേർന്നാണ് സംഘടിപ്പിക്കുന്നത്.ബേപ്പൂരിൽ ചാലിയാറിന്റെ തീരത്തും മറീന ബീച്ചിലും ചാലിയം, നല്ലൂർ, കോഴിക്കോട് ബീച്ച് എന്നിവിടങ്ങളിലുമായാണ് പരിപാടികൾ. ചൊവ്വാഴ്ച ഉച്ചമുതൽ സിറ്റ് ഓൺ ടോപ്പ് കയാക്ക് സിംഗിൾ, ഇന്റർനാഷണൽ കൈറ്റ് ഫെസ്റ്റ്, സിറ്റ് ഓൺ ടോപ്പ് കയാക്ക് ഡബിൾ, പാരാമോട്ടറിങ്, ഫ്‌ളൈബോർഡ് ഡെമോ, റോവിങ് ഡെമോ, സർഫിങ് ഡെമോ, സീ റാഫ്റ്റിങ് ഡെമോ, വിന്റ് സർഫിങ് ഡെമോ എന്നിവ നടക്കും.

വൈകിട്ട് 6:30ന് മൂന്നാമത് ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റിന്റെ ഔപചാരിക ഉദ്ഘാടനം ടൂറിസം, പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് ബേപ്പൂർ ബീച്ചിൽ നിർവഹിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് വർണാഭമായ ഘോഷയാത്ര ഉണ്ടാകും. വൈകിട്ട് അഞ്ചിന് ബേപ്പൂർ കയർ ഫാക്ടറി പരിസരത്തുനിന്ന് ആരംഭിക്കുന്ന ഘോഷയാത്ര ഉദ്ഘാടന വേദിയായ പുലിമുട്ടിൽ അവസാനിക്കും. തുടർന്ന് ഏഴുമണിക്ക് ഹരിചരൺ ബാന്റിന്റെ സംഗീത പരിപാടി ബേപ്പൂർ ബീച്ചിലും തേജ് മെർവിൻ & അൻവർ സാദത്ത് ആന്റ് ടീം ഒരുക്കുന്ന എആർ റഹ്‌മാൻ നൈറ്റ് ചാലിയം ബീച്ചിലും വയലി ബാംബൂ മ്യൂസിക് നല്ലൂരിലും അരങ്ങേറും.

Leave A Reply

Your email address will not be published.