Latest Malayalam News - മലയാളം വാർത്തകൾ

തിരുവനന്തപുരത്തും മാധ്യമവേട്ട; പ്രതിഷേധ മാര്‍ച്ച് റിപ്പോര്‍ട്ട് ചെയ്തവര്‍ക്കെതിരേ പോലീസ് കേസ്

KERALA NEWS TODAY HIRUVANANTHAPURAMനവകേരള സദസിനെതിരേ പ്രതിപക്ഷപാര്‍ട്ടികളുടെ സമരം റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമപ്രവര്‍ത്തര്‍ക്കെതിരേ വീണ്ടും പോലീസിന്റെ പ്രതികാരനടപടി. മുഖ്യമന്ത്രിയും സംഘവും സഞ്ചരിച്ച ബസിനു നേര്‍ക്ക് കെ.എസ്.യു പ്രവര്‍ത്തകര്‍ ഷൂ എറിഞ്ഞ സംഭവം റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരേ കേസെടുത്തതിനു പിന്നാലെ തിരുവനന്തപുരത്തും മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഇന്നലെ വൈകിട്ട് ഡിജിപിയുടെ വസതിയിലേക്ക് നടന്ന മഹിളാ മോര്‍ച്ചയുടെ പ്രതിഷേധ മാര്‍ച്ച് റിപ്പോര്‍ട്ട് ചെയ്ത മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരേയാണ് കേസ്. അതിക്രമിച്ച് കടക്കല്‍, നിയമവിരുദ്ധമായി സംഘം ചേരല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കണ്ടാലറിയാവുന്ന നാലു മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തതെന്ന് പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.നേരത്തെ മുഖ്യമന്ത്രിയും സംഘവും സഞ്ചരിച്ചിരുന്ന നവകേരള ബസിനെതിരേ കെ എസ് യു പ്രവര്‍ത്തകര്‍ നടത്തിയ ഷൂ ഏറ് തത്സമയം റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരേ പോലീസ് ക്രിമിനല്‍ ഗൂഡാലോചനാക്കുറ്റം ചുമത്തി കേസെടുത്തിരുന്നു. എറണാകുളം ജില്ലയിലെ കുറുപ്പംപടി പോലീസാണ് 24 ന്യൂസ് റിപ്പോർട്ടർ വി ജി വിനീതയെ അഞ്ചാം പ്രതിയാക്കി എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്.

ഐപിസി 140 (ബി )പ്രകാരം ഇന്ന് ചോദ്യം ചെയ്യലിന്‌ ഹാജരാകാൻ വിനീതയോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും സ്ഥലത്തില്ലാതിരുന്നതിനാൽ വിനീത പോലീസിന് മുന്നിൽ ഹാജരായില്ല. വിനീതയെ പ്രതി ചേർത്ത റിപ്പോർട്ട് ഇന്ന് പോലീസ് പെരുമ്പാവൂർ കോടതിയിൽ സമർപ്പിച്ചു.

കഴിഞ്ഞ ജൂൺ മാസത്തിൽ മഹാരാജാസ് കോളജിലെ മാർക്ക് ലിസ്റ്റുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ അഖില നന്ദകുമാറിനെതിരെ സമാന രീതിയില്‍ പോലീസ് കേസെടുത്തിരുന്നു. എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോയുടെ പരാതിയെത്തുടർന്നായിരുന്നു അന്നത്തെ കേസെങ്കില്‍ വിനീതയ്ക്കെതിരെയുള്ള കേസ് പോലീസ് സ്വമേധയാ രജിസ്റ്റർ ചെയ്തതാണ്.

Leave A Reply

Your email address will not be published.