ENTERTAINMENT NEWS :വര്‍ഷങ്ങളായുള്ള പ്രേക്ഷകരുടെ കാത്തിരിപ്പാണ് ധ്രുവനച്ചത്തിരം എന്ന ചിത്രത്തിന്റെ റിലീസ്. 2013 ല്‍ സിനിമ പ്രഖ്യാപിച്ചതു മുതല്‍ അതിന് കിട്ടുന്ന ഹൈപ്പ് അത്രയും വലുതായിരുന്നു. എല്ലാ കാത്തിരിപ്പുകള്‍ക്കും വിരാമമിട്ട് സിനിമ നവംബര്‍ 24 ന് തിയേറ്ററുകളിലേക്കെത്തും എന്നായിരുന്നു ഏറ്റവും ഒടുവില്‍ പുറത്തുവന്ന വിവരം. സിനിമയുടേതായി പുറത്ത് വന്ന ട്രെയിലര്‍ എല്ലാം പ്രേക്ഷക പ്രതീക്ഷ നിലനിര്‍ത്തും വിധം, വലിയ ഹൈപ്പില്‍ തന്നെയായിരുന്നു. എന്നാല്‍ റിലീസിനായി ഇനിയും കാത്തിരിക്കേണ്ടി വരും എന്നാണ് പുതിയ വിവരം.റിലീസിന് ഇനിയും മൂന്ന് ദിവസം ബാക്കി നില്‍ക്കെ ഇതുവരെ ഒരു പ്രമോഷനും നടന്നിട്ടില്ല. ബുക്കിങ് ഓപ്പണായിട്ടില്ല. സിനിമയെ കുറിച്ചുള്ള സംസാരം സജീവമായി നടക്കുന്നുണ്ട് എങ്കിലും റിലീസിങ് നടപടികള്‍ ഒന്നും മുന്നോട്ടു പോകുന്നതായ വിവരമില്ല. സിനിമയുടെ റിലീസ് ഡേറ്റ് മാറ്റിവയ്ക്കാന്‍ സാധ്യതയുണ്ട് എന്ന തരത്തിലാണ് കോടമ്പക്കത്തു നിന്നും വാര്‍ത്തകള്‍ വരുന്നത്. നവംബര്‍ 20 ന് സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ഒരു പ്രസ് മീറ്റ് സംഘടിപ്പിക്കും എന്ന് പറഞ്ഞിരുന്നു. എന്നാല്‍ അത് പിന്നീട് റദ്ദാക്കപ്പെട്ടു.സംവിധായകന് ഗൗതം മേനോന്റെ കടബാധ്യതയാണത്രെ കാരണം. താന്‍ സംവിധാനം ചെയ്തു, അഭിനയിച്ചും നേടിയ സമ്പാദ്യമെല്ലാം സിനിമയില്‍ ഇന്‍വസ്റ്റ് ചെയ്താണ് ഗൗതം ഈ സിനിമ നിര്‍മിച്ചത്. പലരില്‍ നിന്നുമായി ഫൈനാന്‍സ് വാങ്ങിയിട്ടുണ്ടത്രെ. തങ്ങളുടെ പണം തന്നാല്‍ മാത്രമേ സിനിമ പുറത്തിറക്കാന്‍ സമ്മതിയ്ക്കൂ എന്ന് ഫൈനാന്‍സ് ടീം പറഞ്ഞതിനെ തുടര്‍ന്നാണ് ഇപ്പോള്‍ റിലീസ് പ്രതിസന്ധിയില്‍ ആയിരിക്കുന്നത് എന്നാണ് വിവരം.