Latest Malayalam News - മലയാളം വാർത്തകൾ

ലോൺ ആപ്പുകാരുടെ ഭീഷണി; ജീവനൊടുക്കാൻ ശ്രമിച്ച വീട്ടമ്മ ആശുപത്രിയിൽ

KERALA NEWS TODAY – കോഴിക്കോട്: ഓണ്‍ലൈന്‍ ലോണ്‍ ആപ്പുകാരുടെ ഭീഷണിയെ തുടര്‍ന്ന് കുറ്റ്യാടിയില്‍ വീട്ടമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു.
കുറ്റ്യാടി സ്വദേശിനിയും രണ്ട് കുട്ടികളുടെ അമ്മയുമായ 24-കാരിയാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. യുവതി നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ലോണ്‍ ആപ്പില്‍നിന്ന് രണ്ടായിരം രൂപ വായ്പയെടുത്തതിന് ഒരുലക്ഷത്തോളം രൂപ തിരിച്ചടച്ചിട്ടും ആപ്പുകാര്‍ വീണ്ടും പണം ആവശ്യപ്പെട്ട് യുവതിയെ ഭീഷണിപ്പെടുത്തിയെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്.
മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്നും ഭീഷണിയുണ്ടായി. ഇതേത്തുടര്‍ന്നാണ് യുവതി ജീവനൊടുക്കാന്‍ ശ്രമിച്ചത്.

ഒരുമാസം മുന്‍പാണ് പണം വായ്പയായി നല്‍കാമെന്ന് പറഞ്ഞ് വീട്ടമ്മയുടെ മൊബൈല്‍ഫോണിലേക്ക് ഒരു സന്ദേശം ലഭിച്ചത്.
ഇതിനൊപ്പം ലോണ്‍ ആപ്പിന്റെ ലിങ്കും നല്‍കിയിരുന്നു. തുടര്‍ന്ന് വീട്ടമ്മ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് രണ്ടായിരം രൂപ വായ്പയെടുത്തു. ഇതിന്റെ തിരിച്ചടവായി പലതവണകളായി ഒരുലക്ഷത്തോളം രൂപയാണ് തിരികെനല്‍കിയത്. എന്നാല്‍, ആപ്പുകാര്‍ വീണ്ടും പണം തിരിച്ചടയ്ക്കാന്‍ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി. ഇനി പണം തരാനാകില്ലെന്ന് വീട്ടമ്മ മറുപടി നല്‍കി. ഇതോടെയാണ് മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയത്.

Leave A Reply

Your email address will not be published.