Latest Malayalam News - മലയാളം വാർത്തകൾ

‘ഗാര്‍ഹിക തൊഴിലാളി അവകാശ നിയമം ഉടന്‍, മിനിമം വേതനം പരമാവധി സ്ഥാപനങ്ങളില്‍ നടപ്പാക്കും’: വി ശിവന്‍കുട്ടി

KERALA NEWS TODAY-ഉയര്‍ന്ന വേതനം, തൊഴില്‍ സുരക്ഷ, തൊഴിലാളികള്‍ക്കുള്ള സാമൂഹ്യ സുരഷാ പദ്ധതികള്‍, നൈപുണ്യ വികസന പദ്ധതികള്‍, അതിഥി തൊഴിലാളികള്‍ക്കായുള്ള പിന്തുണ തുടങ്ങിയവയിലെല്ലാം കേരളം പിന്‍തുടരുന്ന മാതൃകാപരമായ സമീപനത്തെ പ്രകീര്‍ത്തിച്ച് ‘തൊഴിലാളികളുടെ അവകാശങ്ങളും ക്ഷേമവും’ എന്ന വിഷയത്തില്‍ നടന്ന കേരളീയം സെമിനാര്‍.

തൊഴിലാളി വിരുദ്ധ നയങ്ങളുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് പോകുന്ന സാഹചര്യത്തില്‍ കേരളത്തിന്റെ നിലപാട് ഏറെ പ്രസക്തമാണ്. വൈജ്ഞാനിക സമൂഹത്തിന് അനുസൃതമായ രീതിയില്‍ തൊഴിലാളികളുടെ നൈപുണ്യ വികസനം സാധ്യമാക്കണമെന്നും സെമിനാറില്‍ അഭിപ്രായമുയര്‍ന്നു. ഗാര്‍ഹിക തൊഴിലാളികളുടെ അവകാശസംരക്ഷണത്തിന് നടപടി വേണമെന്നും സെമിനാര്‍ അഭിപ്രായപ്പെട്ടു.

മിനിമം വേതനം പരമാവധി സ്ഥാപനങ്ങളില്‍ നടപ്പിലാക്കുമെന്ന് സെമിനാറില്‍ അധ്യക്ഷത വഹിച്ച പൊതുവിദ്യാഭ്യാസ, തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി. സ്ഥാപനങ്ങളുടെ സാമ്പത്തിക സ്ഥിതി കൂടി പരിഗണിച്ചായിരിക്കും കുറഞ്ഞ കൂലി നടപ്പിലാക്കുക. തൊഴിലാളികള്‍ക്കിടയിലെ കോവിഡാനന്തര ആരോഗ്യ പ്രശ്നങ്ങള്‍ പഠിക്കുന്നതിനായി പ്രത്യേക സമിതിയെ നിയോഗിക്കും. അതിഥി തൊഴിലാളികളുടെ ക്ഷേമത്തിനായി കൂടുതല്‍ പദ്ധതികള്‍ നടപ്പാക്കും. പരമ്പരാഗത തൊഴില്‍ മേഖലയില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുമെന്നും മന്ത്രി അറിയിച്ചു.

ഗാര്‍ഹിക തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായുള്ള നിയമം ഉടന്‍ നിയമസഭയില്‍ അവതരിപ്പിക്കും. തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിച്ചുകൊണ്ടു മാത്രമേ കേന്ദ്ര നിയമങ്ങള്‍ സംസ്ഥാനത്ത് നടപ്പാക്കൂ എന്നും മന്ത്രി വ്യക്തമാക്കി.

Leave A Reply

Your email address will not be published.