KERALA NEWS TODAY-മലപ്പുറം: മലപ്പുറം മഞ്ചേരി സ്വദേശിയെ ഹണി ട്രാപ്പിൽ കുടുക്കാൻ ശ്രമം. ഫാമിലി കൗൺസിലറെ കൂത്താട്ടുകുളത്തെ ലോഡ്ജിലേക്ക് വിളിച്ചുവരുത്തി അകപ്പെടുത്തുകയായിരുന്നു.
സംഭവത്തിൽ നാലുപേർ കൂത്താട്ടുകുളത്ത് അറസ്റ്റിലായി.
ഈ മാസം ഒന്നാം തീയതി ഉച്ചയ്ക്ക് രണ്ടുമണിക്കാണ് സംഭവം. ഫാമിലി കൗൺസിലിംഗ് ആവശ്യമുണ്ടെന്ന് അറിയിച്ചതിനെ തുടർന്നാണ് കെണിയിൽ അകപ്പെട്ട മലപ്പുറം സ്വദേശി കൂത്താട്ടുകുളത്ത് എത്തുന്നത്.
കൗൺസിലിംഗ് ആവശ്യപ്പെട്ട യുവതി ഫോണിൽ അയച്ചുകൊടുത്ത ലൊക്കേഷനിൽ എത്തുകയായിരുന്നു.
റൂമിലെത്തിയ മലപ്പുറം സ്വദേശിക്ക് യുവതി കുടിക്കുന്നതിനായി പാനീയം നൽകിയതോടെ തുടർന്ന് ഇയാളുടെ ബോധം നഷ്ടപ്പെട്ടു. ബോധം വീണ്ടെടുത്ത സമയത്ത് ഫോണിൽ ബന്ധപ്പെട്ട യുവതിയെ കൂടാതെ മറ്റ് മൂന്നുപേർ കൂടി റൂമിൽ ഉണ്ടായിരുന്നു.
തുടർന്ന് പരാതിക്കാരനെയും യുവതിയെയും ചേർത്തുനിർത്തി നഗ്നചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയായിരുന്നു.
സംഭവത്തിൽ ഇടുക്കി പുതുശ്ശേരിപ്പടിക്കൽ പി.എസ് അഭിലാഷ് (28), കൊല്ലം നൗഫൽ മൻസിൽ അൽ അമീൻ (23), ഇടുക്കി ചെരുവിൽ പുത്തൻവീട് പി ആതിര (28), ഇടുക്കി കാട്ടാഞ്ചേരി കെ.കെ അക്ഷയ (21) എന്നിവരാണ് അറസ്റ്റിലായത്.