Latest Malayalam News - മലയാളം വാർത്തകൾ

തിരഞ്ഞെടുപ്പിനുമുമ്പ് എയിംസ് ചർച്ചയാക്കാൻ ബി.ജെ.പി; അപ്രതീക്ഷിത പ്രഖ്യാപനങ്ങളിൽ കണ്ണുവെച്ച് നേതൃത്വം

KERALA NEWS TODAY-പാലക്കാട്: ലോക്‌സഭാ തിരഞ്ഞെടുപ്പിനുമുമ്പ് കേരളത്തിന് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (എയിംസ്) എന്ന പ്രഖ്യാപനം സാധ്യമാക്കാനുള്ള ചർച്ചകളുമായി ബി.ജെ.പി.

സംസ്ഥാനത്തിന് എയിംസ് അനുവദിക്കുമെന്ന അറിയിപ്പ് നേരത്തെ ലഭിച്ചതിനാൽ സ്ഥലംകണ്ടെത്തി കാത്തിരിപ്പിലാണ് സംസ്ഥാനസർക്കാർ.
എന്നാൽ, പാലക്കാടിന് എയിംസ് എന്ന ആവശ്യവുമായി വീണ്ടും കേന്ദ്രസർക്കാരിനെ സമീപിക്കാനാണ് നേതൃത്വത്തിന്റെ തീരുമാനം.

നേരത്തെ പ്രഖ്യാപനം വന്നതിനുപിന്നാലെ പാർട്ടിതലത്തിൽ ബി.ജെ.പി.യുടെ പാലക്കാട് ജില്ലാഘടകമാണ് എയിംസ് പാലക്കാട്ടേക്ക് വേണമെന്ന ആവശ്യവുമായി കേന്ദ്രമന്ത്രിയെ ആദ്യം സമീപിച്ചത്.
ആവശ്യത്തോട് സംസ്ഥാന നേതൃത്വത്തിനും എതിർപ്പുണ്ടായിരുന്നില്ല.
അട്ടപ്പാടിയിലെ ആരോഗ്യപ്രശ്നങ്ങളും ജില്ലയിൽ മികച്ച സർക്കാർ ആശുപത്രികളുടെ അഭാവവുമാണ് ചൂണ്ടിക്കാട്ടിയത്.

ഇതോടൊപ്പം സ്ഥലം കണ്ടെത്താൻ കഞ്ചിക്കോട്, മേനോൻപാറയുടെയും യാക്കരയുടെയും സമീപപ്രദേശങ്ങൾ ഉൾപ്പെടെ ശ്രദ്ധയിൽപ്പെടുത്തി. പാലക്കാടിന്റെ ഭൂപ്രകൃതിയും സാമൂഹിക ചുറ്റുപാടുകളും കണക്കിലെടുത്ത് പദ്ധതിക്ക് പാലക്കാട് അനുയോജ്യമായ സ്ഥലമായി കേന്ദ്രസർക്കാർ നേരത്തെതന്നെ കണ്ടെത്തിയിരുന്നതായാണ് വിവരം. എന്നാൽ, സ്ഥലം ഉൾപ്പടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനുള്ള ഉത്തരവാദിത്വം സംസ്ഥാന സർക്കാരിനായതിനാൽ ബി.ജെ.പി.യുടെ ആവശ്യത്തിന് തടസ്സമായി.

തിരഞ്ഞെടുപ്പിനുമുമ്പ് കേന്ദ്രസർക്കാരിന്റെ അപ്രതീക്ഷിത പ്രഖ്യാപനങ്ങളിലാണ് ഇപ്പോഴത്തെ പ്രതീക്ഷ. ജില്ലയിലെ നേതാക്കളാണ് ഇപ്പോഴത്തെ നീക്കത്തിനും മുൻകൈയെടുത്തിരിക്കുന്നത്. സംസ്ഥാന നേതൃത്വത്തിന്റെ അനുമതിയോടെ വീണ്ടും കേന്ദ്രമന്ത്രിമാരെ കാണും.

Leave A Reply

Your email address will not be published.