ACCIDENT NEWS-ചെന്നൈ : തമിഴ്നാട്ടിലെ ചെങ്കൽപേട്ടിൽ ട്രെയിൻ തട്ടി ഭിന്നശേഷിക്കാരായ മൂന്നു കുട്ടികൾ മരിച്ചു. ഊർപാക്കത്ത് റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ കർണാടക സ്വദേശികളായ സുരേഷ് (15), സഹോദരൻ രവി (15), സുഹൃത്ത് മഞ്ജുനാഥ് (11) എന്നിവരാണു മരിച്ചത്.
താംബരത്തുനിന്ന് ചെങ്കൽപേട്ടിലേക്ക് വരികയായിരുന്ന ട്രെയിനാണ് ഇടിച്ചത്.
മൂന്നുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
സംഭവത്തിൽ താംബരം റെയിൽവേ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സുരേഷും രവിയും ബധിരരാണ്. മഞ്ജുനാഥിന് സംസാരിക്കാൻ കഴിയില്ല. ഇവരുടെ രക്ഷിതാക്കൾ ഊർപാക്കത്ത് കൂലിപ്പണി ചെയ്യുന്നവരാണ്. കർണാടകയിലുള്ള അമ്മൂമ്മയുടെ വീട്ടിലാണ് കുട്ടികൾ താമസിച്ച് പഠിക്കുന്നത്. സ്കൂൾ അവധിയായതിാൽ മാതാപിതാക്കളെ കാണാൻ ഊർപാക്കത്ത് എത്തിയതായിരുന്നു. വീടിന് സമീപം കളിക്കുന്നതിനിടെയാണ് അപകടം. ട്രെയിൻ വരുന്നത് അറിയാതെ ട്രാക്കിലൂടെ നടന്നുപോകുകയായിരുന്നു.