KERALA NEWS TODAY-കൊച്ചി: മാസപ്പടി വിവാദത്തില്‍ ധനവകുപ്പ് ഇറക്കിയത് കത്തല്ലെന്നും കാപ്സ്യൂളാണെന്നും കോണ്‍ഗ്രസ് എംഎല്‍എ മാത്യു കുഴല്നാടന്.
മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ 2017 മുതല്‍ കരിമണല്‍ കമ്പനിയായ സിഎംആര്‍എല്ലില്‍ നിന്ന് പണം കൈപ്പറ്റുന്നുണ്ട്. 2018-ലാണ് അവര്‍ ജിഎസ്ടി രജിസ്ട്രേഷന് എടുത്തിട്ടുള്ളത്.
പിന്നെ എങ്ങനെയാണ് അവര്‍ ജിഎസ്ടി അടച്ചതെന്ന് വ്യക്തമാക്കണമെന്നും കുഴല്നാടന് ആവശ്യപ്പെട്ടു.
‘അച്ഛന് പ്രത്യേക ആക്ഷന്‍ കാണിക്കാനുള്ള വൈഭവം ഉള്ളതുപോലെ വീണ വിജയന് ജിഎസ്ടി രജിസ്ട്രേഷന് എടുക്കുന്നതിന് മുമ്പ് ജിഎസ്ടി അടക്കാനാകുമോ എന്ന് ധനമന്ത്രി വ്യക്തമാക്കണം’, മാത്യു കുഴല്‍ നാടന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
രാഷ്ട്രീയ ആനുകൂല്യങ്ങള്‍ക്ക് വേണ്ടി കരിമണല്‍ കമ്പനിയില്‍ നിന്ന് മുഖ്യമന്ത്രിയുടെ മകള്‍ വാങ്ങിയ മാസപ്പടി തന്നെയാണ് ഈ വിവാദത്തിലെ പ്രധാന വിഷയം.
വീണ നികുതി അടച്ചെന്നുള്ള ധനവകുപ്പിന്റെ കത്ത് ഇതുവരെ എനിക്ക് ലഭിച്ചിട്ടില്ല.
മാധ്യമങ്ങള്‍ വഴിയാണ് എനിക്ക് കിട്ടിയത്. 1.72 കോടിയുടെ നികുതിയാണ് വീണ അടച്ചതെന്ന് ഈ കത്തില്‍ എവിടെയും പറയുന്നില്ല. വീണയുടെ പേരുതന്നെ ഈ കത്തില്‍ പറയുന്നില്ലെന്നും കുഴല്നാടന് ചൂണ്ടിക്കാട്ടി.
’17-01-2018-ലാണ് വീണ ജിഎസ്ടി രജിസ്ട്രേഷന് എടുത്തിട്ടുള്ളത്. 1-1-2017 മുതല്‍ വീണ സിഎംആര്‍എല്ലില്‍ നിന്ന് പണം വാങ്ങി കൊണ്ടിരിക്കുന്നുണ്ട്. അതിന് മുമ്പ് വാങ്ങിയ പണത്തിന് ജിഎസ്ടി അടയ്ക്കാന്‍ നമ്മുടെ നാട്ടില്‍ സാധിക്കില്ല. ധനവകുപ്പ് ഇപ്പോള്‍ ഇറക്കിയത് കത്തല്ല. കാപ്സ്യൂളാണ്’, കുഴല്നാടന് പറഞ്ഞു.