KERALA NEWS TODAY KOTTAYAM :കോട്ടയം: ഭക്ഷണം കഴിക്കാതെ 180 രോഗികളെ നോക്കിയ വനിതാ ഡോക്ടറെ ബാങ്ക് പ്രസിഡന്‍റ് തടഞ്ഞുവെച്ചതായി പരാതി. ഇതേത്തുടർന്ന് കുഴഞ്ഞുവീണ വനിതാ ഡോക്ടറുടെ തലയ്ക്ക് പരിക്കേറ്റു. വെള്ളൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ ശ്രീജ രാജിനാണ് (37) പരിക്കേറ്റത്. ഇവരെ വൈക്കം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ചികിത്സയ്‌ക്കെത്തിയ വെള്ളൂര്‍ 785-ാം നമ്ബര്‍ സര്‍വീസ് സഹകരണബാങ്കിന്റെ പ്രസിഡന്റ് വി എ ഷാഹിം ആണ് വനിതാ ഡോക്ടറെ തടഞ്ഞുവെച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഡോ. ശ്രീജ രാജിന്‍റെ മൊഴി പൊലീസ് രേഖപ്പെടുത്തി.
രണ്ട് ഡോക്ടര്‍മാരുള്ള ആശുപത്രിയില്‍ ശനിയാഴ്ച ശ്രീജ മാത്രമാണ് ഡ്യൂട്ടിക്ക് ഉണ്ടായിരുന്നത്. 180ഓളം രോഗികളാണ് ഒപിയില്‍ എത്തിയതെന്നും ശ്രീജ പൊലീസിനോടു പറഞ്ഞു. രാവിലെ 9 മുതല്‍ 2 വരെയാണ് ആശുപത്രിയിലെ ഒപി സമയമെന്നും രണ്ടരയ്ക്ക് ഭക്ഷണം കഴിക്കാനായി പുറത്തിറങ്ങിയപ്പോള്‍ സഹകരണബാങ്ക് പ്രസിഡന്റ് തടഞ്ഞുവച്ച് ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നാണ് ശ്രീജയുടെ പരാതി.
ഭക്ഷണം കഴിക്കാത്തതിനാൽ അവശയായിരുന്ന ശ്രീജ കുഴഞ്ഞുവീണ് ബോധരഹിതയായി. നഴ്‌സുമാര്‍ പ്രാഥമികശുശ്രൂഷ നല്‍കി. വെള്ളൂര്‍ പൊലീസും ജീവനക്കാരും ചേര്‍ന്ന് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു.എന്നാൽ, പനിക്കു മരുന്നു വാങ്ങാന്‍ ഉച്ചയ്ക്ക് 1.40ന് ആശുപത്രിയില്‍ എത്തിയപ്പോള്‍ സമയം കഴിഞ്ഞു എന്നു പറഞ്ഞ് ഡോക്ടര്‍ ചികിത്സ നിഷേധിച്ചെന്ന് ഷാഹിം പറഞ്ഞു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് പരാതി നല്‍കിയതായും ഷാഹിം പറഞ്ഞു.
