ACCIDENT NEWS KOCHI :കൊച്ചി: എറണാകുളം മഞ്ഞുമ്മലിൽ സ്കൂട്ടർ പുഴയിലേക്ക് മറിഞ്ഞ് രണ്ടുപേർ മരിച്ചു. പുതുവൈപ്പ് സ്വദേശി കെൽവിൻ ആൻ്റണി ആണ് മരിച്ചവരിൽ ഒരാൾ. രണ്ടാമനെ തിരിച്ചറിഞ്ഞിട്ടില്ല. വഴിതെറ്റി സ്കൂട്ടർ പുഴയിൽ വീണതാകാമെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം. രാത്രിയോടെയാണ് അപകടം.സംഭവസ്ഥലത്തെത്തിയ പോലീസും നാട്ടുകാരും ചേർന്നാണ് കെൽവിൻ്റെ മൃതദേഹവും സ്കൂട്ടറും പുറത്തെടുത്തത്. തുടരന്വേഷണത്തിലാണ് ഇയാൾക്കൊപ്പം മറ്റൊരാൾ കൂടി ഉണ്ടായിരുന്നതായി കണ്ടെത്തിയത്. തുടർന്ന് നടത്തിയ തെരച്ചിലിൽ രണ്ടാമൻ്റെ മൃതദേഹവും കണ്ടെത്തി. മരണപ്പെട്ട കെൽവിൻ്റെ കുടുംബത്തെ പോലീസ് വിവരം അറിയിച്ചു. ഇവർ എത്തിയ ശേഷമാകും തുടർനടപടി സ്വീകരിക്കുക.ഈ മാസം ആദ്യം പറവൂരിൽ ദിശ തെറ്റി കാർ പുഴയിലേക്ക് വീണ് രണ്ട് യുവ ഡോക്ടർമാർ മരണപ്പെട്ടിരുന്നു. ഗോതുരുത്ത് പുഴയിലെ കടൽവാതുരുത്ത് കടവിലായിരുന്നു സംഭവം. മതിലകം സ്വദേശി ഡോ. അജ്മൽ ആസിഫ് (28), കൊല്ലം സ്വദേശി ഡോ. അദ്വൈത് (28) എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന മൂന്നുപേരെ നാട്ടുകാർ രക്ഷപ്പെടുത്തുകയായിരുന്നു. വഴി അവസാനിച്ചതറിയാതെ വെള്ളക്കെട്ടെന്ന് കരുതി മുന്നോട്ടോടിച്ചതാണ് അപകടത്തിന് ഇടയാക്കിയത്. ഗൂഗിൾ മാപ്പ് നോക്കിയായിരുന്നു ഇവർ സഞ്ചരിച്ചിരുന്നത്.