ENTERTAINMENT NEWS TAMILNADU: ദളപതി വിജയ് നായകനായെത്തുന്ന ലിയോ ഓരോ ദിവസവും പുതിയ റെക്കോർഡ് സൃഷ്ടിച്ച് കൊണ്ടിരിക്കുകയാണ്. പ്രീ സെയിലിൽ വമ്പൻ
കളക്ഷൻ നേടിയ ചിത്രം ഇപ്പോൾ ഷാരൂഖ് ചിത്രത്തെയും മറികടന്ന് മുന്നേറുകയാണ്. 2023ൽ ഏറ്റവും കൂടുതൽ ടിക്കറ്റ് വിൽപ്പന നടത്തിയ ചിത്രമെന്ന റെക്കോർഡാണ് ലിയോ
മറികടന്നിരിക്കുന്നത്. ലിയോ ഇതിനോടകം ഏകദേശം 16 ലക്ഷം ടിക്കറ്റുകൾ വിറ്റുവെന്നാണ് റിപ്പോർട്ട്. റിലീസ് ദിവസം തന്നെ ഏകദേശം 20 ലക്ഷത്തോളം ടിക്കറ്റുകൾ വിറ്റുപോകുമെന്ന
സൂചനയാണ് ഇതിൽ നിന്നും ലഭിക്കുന്നത്.13.75 ലക്ഷം ടിക്കറ്റുകൾ വിറ്റഴിഞ്ഞ ലിയോയുടെ തമിഴ് പതിപ്പാണ് അഡ്വാൻസ് ബുക്കിംഗിൽ മുന്നിൽ. ചിത്രത്തിന്റെ തെലുങ്ക്, ഹിന്ദി പതിപ്പുകൾ
യഥാക്രമം 2.10 ലക്ഷം, 20,000 ടിക്കറ്റുകൾ വിറ്റു. അതേസമയം, ഷാരൂഖിന്റെ ജവാൻ മുൻകൂർ ബുക്കിംഗിൽ 15.75 ലക്ഷം ടിക്കറ്റുകളാണ് ആദ്യദിനം വിറ്റത്. ട്രേഡ് പോർട്ടൽ സാക്നിൽക്
ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.വിറ്റഴിഞ്ഞ ടിക്കറ്റുകളുടെ എണ്ണത്തിൽ ലിയോ ജവാനെ മറികടന്നെങ്കിലും അഡ്വാൻസ് ഗ്രോസ് കളക്ഷന്റെ കാര്യത്തിൽ ജവാനേക്കാൾ വളരെ
പിന്നിലാണ് ചിത്രം. ലിയോ ഇതുവരെ 31 കോടി രൂപ നേടിയപ്പോൾ ജവാൻ അഡ്വാൻസ് ബുക്കിംഗ് കളക്ഷനിലൂടെ ഏകദേശം 41 കോടി രൂപയാണ് നേടിയത്. ലിയോയുടെയും ജവാന്റെയും
മൊത്തം കളക്ഷനിലെ വ്യത്യാസത്തിന് കാരണം രണ്ട് സിനിമകളുടെയും ടിക്കറ്റ് നിരക്കിലെ വ്യത്യാസമാണ്. ജവാന്റെ ശരാശരി ടിക്കറ്റ് നിരക്ക് ഒരു ടിക്കറ്റിന് 251 രൂപയായിരുന്നപ്പോൾ
ലിയോയ്ക്ക് ഏകദേശം 202 രൂപയാണ്. അതേസമയം, ലിയോയുടെ നിർമ്മാതാക്കൾ ആദ്യ ഷോ സമയം രാവിലെ 7 മണിക്ക് ആക്കണം എന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ കഴിഞ്ഞ
ദിവസം ഹർജി സമർപ്പിച്ചിരുന്നു. 2 മണിക്കൂറും 43 മിനിറ്റും ദൈർഘ്യമുള്ള ചിത്രത്തിന്റെ റണ്ണിംഗ് ടൈം കണക്കിലെടുത്ത് വിജയ് ആരാധകർക്ക് മതിയായ ഷോകൾ ഉണ്ടായേക്കില്ലെന്നാണ്
ഹർജിയിൽ പറഞ്ഞത്. ഷോകൾക്കിടയിൽ 20 മിനിറ്റ് ഇടവേളയും 40 മിനിറ്റ് ഇടവേളയും നിർബന്ധമാണെന്നും അവർ കൂട്ടിച്ചേർത്തു.
നിലവിൽ തമിഴ്നാട്ടിൽ രാവിലെ 9 മണിക്കാണ് ആദ്യ ഷോ തുടങ്ങാൻ സർക്കാർ അനുമതി നൽകിയിരിക്കുന്നത്. അതേസമയം കേരളത്തിൽ പുലർച്ചെ 4 മണിക്ക് തന്നെ ഫാൻസ് ഷോ
തുടങ്ങും. നാളെ, ഒക്ടോബർ 19നാണ് ചിത്രം തിയേറ്ററുകളിലെത്തുക. തമിഴ്നാട്ടിൽ രാവിലെ 7 മണിക്ക് ആദ്യ ഷോ അനുവദിക്കുമോ ഇല്ലയോ എന്നുള്ള കാര്യം ഇന്നറിയാം.