NATIONAL NEWS-ഭോപാൽ: നവംബർ 17-ന് നടക്കുന്ന നിയമസഭാതിരഞ്ഞെടുപ്പിനായി 144 പേരുടെ ആദ്യസ്ഥാനാർഥിപ്പട്ടിക പുറത്തുവിട്ടതോടെ മധ്യപ്രദേശ് കോൺഗ്രസിൽ അടി തുടങ്ങി.
സീറ്റ് കിട്ടാത്തതിനെത്തുടർന്ന് മുതിർന്നനേതാവും നാഗോഡ് മണ്ഡലത്തിൽ നിന്നുള്ള മുൻ എം.എൽ.എ.യുമായ യാദവേന്ദ്രസിങ് പാർട്ടിയിൽനിന്ന് രാജിവെച്ചു.
മുൻ മുഖ്യമന്ത്രിയും പി.സി.സി. അധ്യക്ഷനുമായ കമൽനാഥിനെ ഒരു പാഠം പഠിപ്പിക്കുമെന്ന് ശപഥമെടുക്കുകയുംചെയ്തു.
പട്ടികയിൽ പിന്നാക്കവിഭാഗക്കാർക്ക് അർഹിക്കുന്ന പ്രാതിനിധ്യം ലഭിച്ചില്ലെന്നാരോപിച്ച് മാധ്യമവിഭാഗം വൈസ് പ്രസിഡന്റ് അജയ് സിങ് യാദവും രാജിവെച്ചു.
എന്നാൽ, നാലായിരത്തോളം പേരാണ് സംസ്ഥാനത്ത് കോൺഗ്രസ് ടിക്കറ്റിനായി അപേക്ഷിച്ചിരുന്നതെന്നും അവരിൽനിന്ന് ഏറ്റവും പ്രഗല്‌ഭരായ 230 പേരെയാണ് സ്ഥാനാർഥിപ്പട്ടികയിൽ ഉൾപ്പെടുത്തുകയെന്നും കമൽനാഥ് പറഞ്ഞു.
സീറ്റുകിട്ടാത്തവർക്ക് നിരാശ സ്വാഭാവികം. പൊട്ടലും ചീറ്റലുമൊക്കെ പരിഹരിച്ച് ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
അവശേഷിക്കുന്ന 86 സീറ്റുകളിൽ സ്ഥാനാർഥികളെ രണ്ടുമൂന്നു ദിവസത്തിനുള്ളിൽ പ്രഖ്യാപിക്കുമെന്നും വ്യക്തമാക്കി.
എന്നാൽ, സീറ്റുകിട്ടാത്തവരിൽ വലിയൊരുവിഭാഗം പരസ്യപ്രതിഷേധമുയർത്തി. രാജിവെച്ച യാദവേന്ദ്രസിങ് മായാവതിയുടെ ബി.എസ്.പി.യിൽ ചേരുമെന്ന് പ്രഖ്യാപിച്ചു. അദ്ദേഹത്തിന് സീറ്റ് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന നഗോഡ് മണ്ഡലത്തിൽ രശ്മിസിങ് പട്ടേലിനെയാണ് കോൺഗ്രസ് നിർത്തിയത്.
സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽനിന്നുള്ള ടിക്കറ്റ് ലഭിക്കാത്ത ഒട്ടേറെ നേതാക്കൾ തിങ്കളാഴ്ച ഭോപാലിൽ കമൽനാഥിന്റെ വീടിനുപുറത്ത് തടിച്ചുകൂടി. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനെതിരേ ബുധ്‌നി മണ്ഡലത്തിൽ നടൻ വിക്രം മസ്തലിനെ മത്സരിപ്പിക്കാനുള്ള പാർട്ടിതീരുമാനത്തിൽ ജില്ലയിലെ പ്രമുഖനേതാവ് സന്തോഷ് ശർമ അതൃപ്തി രേഖപ്പെടുത്തി. സംവരണമണ്ഡലമായ നരിയോലിയിൽ ടിക്കറ്റ് നിഷേധിക്കപ്പെട്ടതിനെത്തുടർന്ന് പാർട്ടിയിൽനിന്ന് രാജിവെച്ചതായി സാഗറിൽനിന്നുള്ള കോൺഗ്രസ് നേതാവ് ശാരദ ഖാതിക് പറഞ്ഞു.