Latest Malayalam News - മലയാളം വാർത്തകൾ

ഒരു മണിക്കൂറിൽ ഒരു ലക്ഷം രൂപയുടെ കച്ചവടം നടന്ന പുതിയ ബെവ്കോ ഔട്ട്ലെറ്റ് പ്രതിഷേധക്കാർ അടച്ചു പൂട്ടിച്ചു

KERALA NEWS TODAY-ഇടുക്കി : കുമളിയിൽ പുതിയ കെട്ടിടത്തിലേക്ക് മാറ്റി പ്രവർത്തനം ആരംഭിച്ച ബെവ്കോ ഔട്ട്‍ലെറ്റ് ഒരുവിഭാഗം രാഷ്ട്രീയ പാർട്ടി പ്രവർത്തകരുടെ പ്രതിഷേധത്തെ തുടർന്ന് അടച്ചുപൂട്ടി.
അട്ടപ്പള്ളത്ത് പ്രവർത്തിച്ചിരുന്ന ഔട്ട്‍ലെറ്റ് ഇന്നലെ രാവിലെയാണ് രണ്ടു കിലോമീറ്ററോളം അകലെ ചെളിമട എന്ന സ്ഥലത്തേക്ക് മാറ്റി പ്രവർത്തനം തുടങ്ങിയത്.
ഒരു മണിക്കൂർ കൊണ്ട് ഒരു ലക്ഷത്തോളം രൂപയുടെ കച്ചവടവും നടന്നു.

മുൻപ് ബിവറേജ് ഔട്ട്‍ലെറ്റ് ഒരു പ്രമുഖ പാർട്ടിയുടെ പ്രാദേശിക നേതാവിന്റെ ഭൂമിയിലായിരുന്നു.
ഇവിടെ രണ്ടര വർഷത്തെ കരാർ നിലനിൽക്കുന്നുണ്ടെന്ന് ആരോപിച്ചാണ് ആ പാർട്ടിയുടെ പ്രവർത്തകരുടെ നേതൃത്വത്തിൽ പുതിയ ഔട്ട്‍ലെറ്റ് ബലമായി അടപ്പിച്ചത്.
അട്ടപ്പള്ളത്തെ ബിവറേജ് ഔട്ട്‍ലെറ്റിലെ പ്രവർത്തനം ബെവ്കോ വെള്ളിയാഴ്ച അവസാനിപ്പിച്ചിരുന്നു.
തുടർന്നാണ് ശനിയാഴ്ച ചെളിമട ഔട്ട്‍ലെറ്റ് പ്രവർത്തനം ആരംഭിച്ചത്.
അട്ടപ്പള്ളത്തെ ഔട്ട്‍ലെറ്റിലെത്തിയ എക്സൈസ് ഉദ്യോഗസ്ഥർ കണക്കെടുത്ത് സീൽ ചെയ്തു.
ഇതോടെ പാർട്ടി പ്രവർത്തകർ സംഘടിച്ച് ചെളിമടയില്‍ എത്തുകയും ഔട്ട്‍ലെറ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തുകയും ചെയ്തു. ഔട്ട്‍ലെറ്റിലെ ജീവനക്കാരെ ഭീഷണിപ്പെടുത്തിയ ബലമായി ഔട്ട്‍ലെറ്റ് അടപ്പിക്കുകയായിരുന്നുവെന്ന് നാട്ടുകാരിൽ ഒരുവിഭാഗം ആരോപിച്ചു.

ചെളിമടയിലെ കെട്ടിടത്തിലേക്ക് ബിവറേജ് ഔട്ട്‍ലെറ്റിന്‍റെ ലൈസൻസ് മാറ്റി കച്ചവടം നടന്ന് ബില്ല് അടിച്ചതിനാൽ ഇനി അട്ടപ്പള്ളത്തേക്ക് തിരികെ മാറ്റുന്നത് നിയമപരമായി എളുപ്പമല്ല.ചെളിമടയിലെ ഔട്ട്‍ലെറ്റില്‍ നിന്ന് കൂടുതൽ വരുമാനം ലഭിക്കുമെന്നും വിനോദ സഞ്ചാരികള്‍ അടക്കമുള്ളവർക്ക് എളുപ്പത്തിൽ മദ്യം ലഭ്യമാക്കാൻ കഴിയുമെന്നുമുള്ള കണക്കുകൂട്ടലിലാണ് അട്ടപ്പള്ളത്ത് നിന്ന് ഔട്ട്‍ലെറ്റ് മാറ്റിയതെന്ന് കോർപറേഷൻ അധികൃതർ വ്യക്തമാക്കി.

കുമളിയിൽ ബിവറേജ് ഔട്ട്‍ലെറ്റ് പ്രവർത്തിക്കാതിരിക്കുന്നതിലൂടെ ബെവറേജസ് കോർപറേഷന് വലിയ സാമ്പത്തിക നഷ്ടമാണുണ്ടാകുന്നത്. ഇനി ഇവിടെയുള്ളവർ മദ്യം വാങ്ങണമെങ്കിൽ 30 കി.മീ. അകലെ കട്ടപ്പനയിലോ 40 കി. മീ. അകലെ പീരുമേടോ അല്ലെങ്കിൽ തൊട്ടടുത്ത് അതിർത്തി കടന്ന് തമിഴ് നാട്ടിലെ ടാസ്മാക്കിലോ എത്തണം.

Leave A Reply

Your email address will not be published.