SPORTS NEWS-ബ്യൂണസ് ഐറിസ്: ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ലോകചാമ്പ്യന്മാരായ അര്‍ജന്റീനയ്ക്ക് വിജയം.
അര്‍ജന്റീന എതിരില്ലാത്ത ഒരു ഗോളിന് പാരഗ്വായിയെ പരാജയപ്പെടുത്തി.
എന്നാല്‍ കരുത്തരായ ബ്രസീല്‍ സമനിലയില്‍ കുരുങ്ങി.
പാരഗ്വായ്ക്കെതിരായ മത്സരത്തില്‍ അര്‍ജന്റീനയ്ക്ക് വേണ്ടി പ്രതിരോധതാരം നിക്കോളാസ് ഒട്ടമെന്‍ഡിയാണ് വിജയഗോള്‍ നേടിയത്. മൂന്നാം മിനിറ്റില്‍ തന്നെ താരം ഗോളടിച്ചു.
സൂപ്പര്‍ താരം ലയണല്‍ മെസ്സി പകരക്കാരനായി കളിക്കാനിറങ്ങിയത് ടീമിന് ആശ്വാസം പകരുന്ന കാര്യമാണ്.
പരിക്കിന്റെ പിടിയിലായിരുന്ന മെസ്സി 53-ാം മിനിറ്റില്‍ ജൂലിയന്‍ അല്‍വാരസിന് പകരമാണ് ഗ്രൗണ്ടിലെത്തിയത്.
ഈ വിജയത്തോടെ പോയന്റ് പട്ടികയില്‍ അര്‍ജന്റീന ഒന്നാം സ്ഥാനത്തെത്തി.
മൂന്ന് മത്സരങ്ങളില്‍ നിന്ന് ഒന്‍പത് പോയന്റാണ് ടീമിനുള്ളത്.
എന്നാല്‍ മുന്‍ ലോകചാമ്പ്യന്മാരായ ബ്രസീലിനെ വെനസ്വേല സമനിലയില്‍ തളച്ചു. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി പിരിഞ്ഞു. നെയ്മര്‍, കാസെമിറോ, വിനീഷ്യസ് ജൂനിയര്‍, റിച്ചാലിസണ്, റോഡ്രിഗോ തുടങ്ങിയ സൂപ്പര്‍ താരങ്ങളെല്ലാം അണിനിരന്നിട്ടും ബ്രസീലിന് വിജയം നേടാനായില്ല. 50-ാം മിനിറ്റില്‍ ഗബ്രിയേല്‍ മഗല്ഹെയ്സിലൂടെ ബ്രസീല്‍ ലീഡെടുത്തെങ്കിലും 85-ാം മിനിറ്റില്‍ എഡ്വാര്‍ഡ് ബെല്ലോയിലൂടെ വെനസ്വേല സമനില ഗോള്‍ നേടി. ഈ സമനിലയോടെ ബ്രസീല്‍ പോയന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തായി. മൂന്ന് മത്സരങ്ങളില്‍ നിന്ന് ഏഴുപോയന്റാണ് ടീമിനുള്ളത്.