KERALA NEWS TODAY – തൃശൂർ: കയ്പമംഗലം വഞ്ചിപ്പുരയിൽ കാർ മരത്തിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു.
നാലുപേർക്ക് പരിക്കേറ്റു. കയ്പമംഗലം പള്ളിത്താനം സ്വദേശികളായ മതിലകത്ത് വീട്ടിൽ മുഹമ്മദിൻ്റെ മകൻ അബ്ദുൽ ഹസീബ്, കുന്നുങ്ങൾ അബ്ദുൽ റസാക്കിൻ്റെ മകൻ ഹാരിസ് എന്നിവരാണ് മരിച്ചത്.
ഇന്ന് പുലർച്ചെ ഒന്നേകാലോടെ മാടാനിക്കുളം വഞ്ചിപ്പുര റോഡിലായിരുന്നു അപകടം. സുഹൃത്തുക്കളായ ഏഴുപേരാണ് കാറിൽ ഉണ്ടായിരുന്നത്.
ചളിങ്ങാട് നബിദിനാഘോഷത്തിന്റെ ഭാഗമായുള്ള പരിപാടികൾ കണ്ടുമടങ്ങുകയായിരുന്നു സംഘം. നിയന്ത്രണംവിട്ട കാർ റോഡരികിലെ മരത്തിലിടിച്ചായിരുന്നു അപകടം.പരിക്കേറ്റവരെ ശിഹാബ് തങ്ങൾ, മിറാക്കിൾ ആംബുലൻസ് പ്രവർത്തകർ കൊടുങ്ങല്ലൂരിലെ എആർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ടുപേർ മരണപ്പെടുകയായിരുന്നു.
വലപ്പാട് സ്വദേശികളായ അഭയ് കൃഷ്ണ, അനന്തു, അർജുൻ, കയ്പമംഗലം സ്വദേശി വിഷ്ണു എന്നിവർക്കാണ് പരിക്കേറ്റത്. കയ്പമംഗലം പോലീസ് മേൽനടപടികൾ സ്വീകരിച്ചു.