KERALA NEWS TODAY – പാലക്കാട്: ഗോവിന്ദാപുരം ചെക്പോസ്റ്റില്‍ പുലര്‍ച്ചെ നടന്ന വിജിലന്‍സ് പരിശോധനയില്‍ അനധികൃത പണം പിടികൂടി.
16,450 രൂപ പായക്കടിയിലും കസേരയ്ക്ക് പിന്നിലും ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി. രണ്ടര മണിക്കൂറിനിടെയാണ് ഈ പണം പിടികൂടിയത്.
അതേസമയം 25 മണിക്കൂറിനിടെ സര്‍ക്കാര്‍ ഖജനാവിലേക്ക് രേഖയാക്കിയത് 12,900 രൂപമാത്രമാണ്. ചെക് പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്ക്കെതിരേ വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കും.
രണ്ട് മണിക്കൂര്‍ നിരീക്ഷിച്ചതിനുശേഷം പുലര്‍ച്ചെ രണ്ടുമണിക്കാണ് പരിശോധന നടന്നത്. ഏജന്റ് ഉദ്യോഗസ്ഥര്‍ക്ക് പണം നല്കിയതും വിജിലന്‍സ് കണ്ടിട്ടുണ്ട്.
ഓണത്തോടനുബന്ധിച്ച് ചെക് പോസ്റ്റുകളില്‍ വ്യാപകമായ തോതില്‍ അനധികൃത പണപ്പിരിവ് നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍, കഴിഞ്ഞ കുറച്ചുദിവസങ്ങളായി പാലക്കാട്ടെ വിവിധ ചെക് പോസ്റ്റുകളില്‍ വിജിലന്‍സ് പരിശോധന നടത്തിവരികയായിരുന്നു. ഇതിന്റെ ഭാഗമായാണ് ഗോവിന്ദാപുരം ചെക് പോസ്റ്റിലും പരിശോധന നടത്തിയത്.
കൈക്കൂലിപ്പണത്തിനു പുറമേ, ഓറഞ്ചും ആപ്പിളുമടക്കമുള്ള പഴവര്‍ഗങ്ങള്‍ ഉദ്യോഗസ്ഥരുടെ വാഹനത്തിലും ഓഫീസ് മുറിയിലുമെല്ലാം കണ്ടെത്തി.
കഴിഞ്ഞദിവസം വാളയാറിലെ എം.വി.ഡി.യുടെ ചെക് പോസ്റ്റിലും പരിശോധന നടന്നിരുന്നു. കാന്തത്തില്‍ കെട്ടി ഒളിപ്പിച്ച രീതിയില്‍ അവിടെനിന്ന് 13,000 രൂപയാണ് പിടിച്ചെടുത്തത്.