NATIONAL NEWS – ന്യൂഡല്‍ഹി : ഗ്രന്ഥശാലകളിലും(ലൈബ്രറി) കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണം വരുന്നു.
സംസ്ഥാനങ്ങളുടെ അധികാരപട്ടികയിലുള്ള ലൈബ്രറികളെ കേന്ദ്രത്തിനും സംസ്ഥാനത്തിനും പൊതുഅധികാരമുള്ള സംയുക്ത (കണ്‍കറന്റ്) പട്ടികയിലേക്ക് മാറ്റാന്‍ കേന്ദ്ര സാംസ്കാരികമന്ത്രാലയം നീക്കമാരംഭിച്ചു. വൈകാതെ പാര്‍ലമെന്റില്‍ ഇതുസംബന്ധിച്ച ബില്‍ അവതരിപ്പിക്കാനാണ് ആലോചന.
എന്നാല്‍, പൊതുപട്ടികയിലേക്ക് ലൈബ്രറികളെ മാറ്റുന്നതിനെ കേരളം എതിര്‍ത്തു. നീക്കം ആശങ്കയുണ്ടാക്കുന്നതാണെന്ന് സംസ്ഥാന ഉന്നതവിദ്യാഭ്യാസമന്ത്രി ആര്. ബിന്ദു പറഞ്ഞു.
ഡല്‍ഹിയില്‍നടന്ന രണ്ടുദിവസത്തെ ‘ഫെസ്റ്റിവല്‍ ഓഫ് ലൈബ്രറീസ് 2023’-ല്‍ രാജ്യത്തെ വിവിധ ലൈബ്രറികളുടെ പ്രതിനിധികള്‍ പങ്കെടുത്ത ചടങ്ങിലാണ് ലൈബ്രറികളെ കണ്‍കറന്റ് പട്ടികയിലേക്ക് മാറ്റുന്നതുസംബന്ധിച്ച ചര്‍ച്ചകളുണ്ടായത്.
സാംസ്കാരികമന്ത്രാലയത്തിനുകീഴില് രാജ്യത്തെ ലൈബ്രറികളുടെ കേന്ദ്രമായ രാജാറാം മോഹന്റായ് ലൈബ്രറി ഫൗണ്ടേഷന്റെ ഡയറക്ടര്‍ ജനറല്‍ പ്രൊഫ.അജയ് പ്രതാപ് സിങ്ങാണ് ഇക്കാര്യം സൂചിപ്പിച്ചത്. സംസ്ഥാനങ്ങളിലെ ലൈബ്രറികള്‍ പ്രമേയം പാസാക്കി കേന്ദ്ര സാംസ്കാരികമന്ത്രാലയത്തിന് കൈമാറാനും നിര്ദേശമുയര്ന്നതായാണ് സൂചന.
പരിപാടിയില്‍ പങ്കെടുത്ത കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ ഇതില്‍ എതിര്‍പ്പറിയിച്ചു. ‘ഗ്രന്ഥാലോകം’ എഡിറ്റര്‍ പി.വി.കെ. പനയാല്‍, ഭാരവാഹികളായ എ.പി. ജയന്, മംഗലത്ത് ചന്ദ്രന് എന്നിവരടക്കം 23 പേരാണ് ലൈബ്രറി കൗണ്‍സില്‍ പ്രതിനിധികളായി യോഗത്തില്‍ പങ്കെടുത്തത്.
കേന്ദ്രനിയന്ത്രണം വന്നാല്‍ ലൈബ്രറികളുടെ സ്വയംഭരണസ്വഭാവം നഷ്ടമാകുമെന്നാണ് കേരളത്തിന്റെ ആശങ്ക.
പുസ്തകം വാങ്ങാനുള്ള ഫണ്ട് വിതരണത്തിലും വിവേചനമുണ്ടായേക്കാമെന്നും കേരളം ചൂണ്ടിക്കാട്ടുന്നു. അതേസമയം, പൗരാണികസംസ്കാരത്തെ ലോകത്തിനുമുന്നിലെത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് നീക്കമെന്നാണ് കേന്ദ്രം ചടങ്ങില്‍ അവകാശപ്പെട്ടത്. ലൈബ്രറികളുടെ ആധുനികവത്കരണവും ഉയര്‍ത്തിക്കാട്ടുന്നു.
സംസ്ഥാനസര്‍ക്കാരിനുകീഴില്‍ സ്വയംഭരണസ്ഥാപനമായാണ് കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ പ്രവര്‍ത്തനം. സ്വയംഭരണമുള്ള രാജ്യത്തെ ഏക ലൈബ്രറി കൗണ്‍സിലും കേരളത്തിലേതാണ്. ഗ്രന്ഥശാലാപ്രസ്ഥാനം രാജ്യത്ത് ഏറ്റവുമധികം സജീവമായിരുന്നത് കേരളത്തിലായിരുന്നു.
ആകെ 9515 ലൈബ്രറികളാണ് കേരള ഗ്രന്ഥശാലാകൗണ്സിലിന് കീഴിലുള്ളത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലേതും ഉള്‍പ്പെടുമ്പോള്‍ 14,000-ലേറെ ലൈബ്രറികള്‍ സംസ്ഥാനത്തുണ്ട്.