KERALA NEWS TODAY – കോട്ടയം : തോട്ടയ്ക്കാട് പാറയ്ക്കാമലയിൽ ഓട്ടോറിക്ഷ പാറക്കുളത്തിലേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു.
തോട്ടയ്ക്കാട് സ്വദേശി അജേഷ് വിജയനാണ്(34) മരിച്ചത്. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം.
യാത്രക്കാരെ ഇറക്കിയ ശേഷം പാറക്കുളത്തിനു സമീപത്തെ റോഡിലൂടെ മടങ്ങി പോവുന്നതിനിടെയായിരുന്നു അപകടം.
വാഹനം റോഡില്‍ നിന്നു തെന്നി മാറുകയും കുളത്തില്‍ പതിക്കുകയുമായിരുന്നു. കുളത്തിന് സംരക്ഷണ ഭിത്തിയില്ലാതിരുന്നതാണ് അപകടത്തിലേക്ക് നയിച്ചത്.
ബുധനാഴ്ച രാത്രി എട്ടു മണിയോടെയായിരുന്നു സംഭവമെങ്കിലും അപകടവിവരം നാട്ടുകാരറിയുന്നത് വ്യാഴാഴ്ച പുലര്‍ച്ചെയോടെയാണ്.
അജേഷിനെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പാറക്കുളത്തിലേക്ക് അജേഷിന്റെ ഓട്ടോ മറിഞ്ഞതായി കണ്ടെത്തിയത്.
അഗ്നിരക്ഷാസേനയും സ്കൂബാ ഡൈവിങ് ടീമും ഉള്‍പ്പടെ നടത്തിയ തിരച്ചിലിനൊടുവില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. കോട്ടയം അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ മൃതദേഹവും ഓട്ടോയും കരയ്ക്കെത്തിച്ചു.