Kerala News Today-തിരുവനന്തപുരം: വര്‍ക്കലയില്‍ വീട്ടമ്മയെ ഭര്‍ത്താവിൻ്റെ ബന്ധുക്കള്‍ ചേര്‍ന്ന് കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ പിടിയില്‍.
നാലാം പ്രതിയും മുഖ്യപ്രതിയുടെ ഭാര്യയുമായ രഹീനയാണ് അറസ്റ്റിലായത്. കേസിലെ മറ്റ് പ്രതികളായ അഹദ്, ഷാജി, മുഹ്‌സിന്‍ എന്നിവര്‍ ഒളിവിലാണ്.
രഹീനയിൽ നിന്നും സംരക്ഷണം ആവശ്യപ്പെട്ട് ലീനാമണി കോടതിയെ സമീപിച്ചിരുന്നു. ഇന്നലെയാണ് കുടുംബ വഴക്കിനെ തുടർന്ന് വർക്കല കളത്തറ സ്വദേശി ലീനാമണിയെ ഭര്‍ത്താവിൻ്റെ ബന്ധുക്കള്‍ മര്‍ദിച്ച് കൊലപ്പെടുത്തിയത്.
വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ലീനയുടെ ഭർത്താവിൻ്റെ സഹോദരന്മാരാണ് വെട്ടിയതെന്നാണ് ബന്ധുക്കൾ പറയുന്നത്. വസ്തുതർക്കത്തെ തുടർന്നായിരുന്നു ആക്രമണം. പ്രതികൾക്ക് വേണ്ടി പോലീസ് അന്വേഷണം തുടരുകയായിരുന്നു.
അതേസമയം, കോടതി ഇവർക്ക് സംരക്ഷണം ഏർപ്പെടുത്താൻ നിർദ്ദേശിച്ചിട്ടും പോലീസിന്‍റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായെന്നാണ് ബന്ധുക്കളുടെ പരാതി.
ലീനാമണിയുടെ ഭർത്താവ് ഒന്നരവർഷം മുമ്പാണ് മരിച്ചത്. അതിന് ശേഷം ഭർത്താവിൻ്റെ ബന്ധുക്കൾ സ്വത്ത് ആവശ്യപ്പെട്ട് ലീനാമണിയുമായി വലിയ തർക്കത്തിലായിരുന്നു.
Kerala News Today