Latest Malayalam News - മലയാളം വാർത്തകൾ

ആർട്ടിസ്റ്റ് നമ്പൂതിരി അന്തരിച്ചു

Kerala News Today-മലപ്പുറം: കേരളത്തിലെ പ്രശസ്ത ചിത്രകാരൻ ആർട്ടിസ്റ്റ് നമ്പൂതിരി അന്തരിച്ചു. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം. 97 വയസായിരുന്നു.
ശ്വാസ കോശത്തിലെ അണുബാധയെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വാർധക്യസഹജമായ രോഗങ്ങളാൽ ദിവസങ്ങളായി ചികിത്സയിലായിരുന്നു.
ഈ മാസം ഒന്നിനാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

സംസ്കാരം ഇന്ന് നടക്കും. കേരളത്തേയും മലയാളി ജീവിതങ്ങളേയും അതിമനോഹരമായാണ് ആർട്ടിസ്റ്റ് നമ്പൂതിരി തൻ്റെ കാൻവാസിൽ പകർത്തിയത്.
1925 സെപ്‌തംബർ 13ന്‌ പൊന്നാനി കരുവാട്ടില്ലത്ത് പരമേശ്വരൻ നമ്പൂതിരിയുടെയും ശ്രീദേവി അന്തർജനത്തിൻ്റെയും മകനായി ജനനം.
ചെന്നൈയിലെ ഗവ. കോളേജ് ഓഫ് ഫൈൻ ആർട്‌സിൽ നിന്ന്‌ ചിത്രകല അഭ്യസിച്ചു. റോയ് ചൗധരി, കെ സി എസ് പണിക്കർ തുടങ്ങിയ പ്രമുഖരുടെ കീഴിലായിരുന്നു ചിത്രകലാപഠനം.

1960 മുതൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ‌ വരച്ചുതുടങ്ങി. കലാകൗമുദി, സമകാലിക മലയാളം തുടങ്ങിയവയിലും വരച്ചു. 2001ൽ ഭാഷാപോഷിണിയിൽ ആത്മകഥ പ്രസിദ്ധീകരിച്ചു. എം ടി, വി കെ എൻ, തകഴി, എസ് കെ പൊറ്റെക്കാട്ട്, പുനത്തിൽ കുഞ്ഞബ്‌ദുള്ള തുടങ്ങിയ പ്രമുഖരുടെ നോവലുകൾക്കും കഥകൾക്കും വരച്ചു.
അരവിന്ദൻ സംവിധാനം ചെയ്‌ത ഉത്തരായനം, കാഞ്ചനസീത എന്നീ സിനിമകളുടെ ആർട്‌ ഡയറക്ടറായിരുന്നു.

2004ൽ കേരള ലളിതകലാ അക്കാദമി രാജാ രവിവർമ പുരസ്കാരം നൽകി ആദരിച്ചു. 2022ലും ലളിതകലാ അക്കാദമി ആദരിച്ചു.
കലാസംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും (ഉത്തരായനം) സംസ്ഥാന ബാലസാഹിത്യ അവാർഡും ലഭിച്ചിട്ടുണ്ട്‌. കഥകളി കലാകാരൻമാരെക്കുറിച്ചുള്ള അദ്ദേഹത്തിൻ്റെ ചിത്രശേഖരവും ശ്രദ്ധയമാണ്‌. ആത്മകഥാംശമുള്ള “രേഖകൾ‌’ പുസ്തകം പുറത്തിറങ്ങി. കേരള ലളിതകലാ അക്കാദമി മുൻ ചെയർമാനാണ്.

 

 

 

 

 

 

 

Kerala News Today

 

Leave A Reply

Your email address will not be published.