ENTERTAINMENT NEWS – കൊച്ചി: സിനിമാ സംവിധായകനും പ്രൊഡക്ഷൻ കൺട്രോളറുമായ ബൈജു പറവൂർ (42) അന്തരിച്ചു.
പറവൂർ നന്തികുളങ്ങര കൊയ്പാമഠത്തിൽ ശശിയുടെയും സുമയുടെയും മകനാണ്. ശാരീരിക അസ്വസ്ഥതയും പനിയും മൂലം ചികിത്സയിലായിരുന്നു.
ഭക്ഷ്യവിഷബാധയെ തുടർന്നാണ് മരണമെന്ന് സംശയിക്കുന്നതായി ബന്ധുക്കൾ പറഞ്ഞു.
സിനിമയുടെ ചർച്ചയുമായി ബന്ധപ്പെട്ട് കോഴിക്കോട്ട് ആയിരുന്ന ബൈജു ശനിയാഴ്ച കാറിൽ വീട്ടിലേക്ക് മടങ്ങുംവഴി ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ചിരുന്നു.
ഇതിനുശേഷം അസ്വസ്ഥതകൾ ഉണ്ടായതിനെ തുടർന്ന് കുന്നംകുളത്തുള്ള ഭാര്യവീട്ടിലേക്ക് പോവുകയും അവിടെ ചികിത്സ തേടുകയും ചെയ്തു. അസുഖം കുറയാത്തതിനെ തുടർന്ന് പറവൂരിലെ വീട്ടിലെത്തുകയും ഞായറാഴ്ച കുഴുപ്പിള്ളിയിലെ ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു.
നില വഷളായതിനെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും തിങ്കളാഴ്ച പുലർച്ചെ മരിച്ചു.
രണ്ടുപതിറ്റാണ്ടായി സിനിമാ രംഗത്ത് സജീവമായ ബൈജു പ്രൊഡക്ഷൻ എക്സിക്യുട്ടീവായും പ്രവർത്തിച്ചിട്ടുണ്ട്. സ്വന്തമായി കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്ത ‘സീക്രട്ട്’ എന്ന സിനിമയുടെ റിലീസിങ്ങിന് തയ്യാറെടുത്തുവരുകയായിരുന്നു.
ധന്യം, മൈഥിലി വീണ്ടും വരുന്നു, കൈതോലചാത്തൻ അടക്കം 45 സിനിമകളിൽ പ്രൊഡക്ഷൻ കൺട്രോളർ ആയി പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ചിത്ര. മക്കൾ: ആരാധ്യ, ആരവ്.