Kerala News Today-കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് അണ്ടർ 17 സെലക്ഷൻ ട്രയലിനെത്തിയ കുട്ടികളെ പ്രവേശിപ്പിക്കാതെ സ്റ്റേഡിയം പൂട്ടിയിട്ട സംഭവത്തിൽ കുട്ടികളോട് മാപ്പ് പറഞ്ഞ് പി.വി ശ്രീനിജിൻ എം.എൽ.എ. കുട്ടികൾക്ക് നേരിട്ട വിഷമത്തിൽ ക്ഷമ ചോദിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. വിവരം അറിഞ്ഞപ്പോൾ തന്നെ ഗേറ്റ് തുറന്ന് നൽകാൻ ആവശ്യപ്പെട്ടു. ട്രയൽസ് നടക്കുന്ന വിവരം ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിനെ അറിയിച്ചിരുന്നെങ്കിൽ ഗേറ്റ് പൂട്ടിയിടില്ലായിരുന്നെന്നും ജില്ല സ്പോര്‍ട്സ് കൗണ്‍സിൽ പ്രസിഡന്റ് കൂടിയായ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് മേഴ്സിക്കുട്ടനെതിരെ പി വി ശ്രീനിജിൻ ആഞ്ഞടിച്ചു. കുട്ടികൾക്ക് ലഭിക്കേണ്ട പണം തൻ്റെ അക്കാദമിയിലേക്ക് കൊണ്ടു പോയ ആളാണ് മേഴ്സിക്കുട്ടൻ. സംസ്ഥാന സ്പോർട്സ് കൗൺസിലിൻ്റെ പ്രതികരണം മനപൂർവ്വമെന്ന് കരുതുന്നു. ഗ്രൗണ്ട് വിട്ടുനൽകുന്ന വിവരം സ്പോർട്സ് കൗൺസിൽ അറിയിച്ചില്ല. തങ്ങളുമായി കരാർ വെയ്ക്കണമെന്ന് ബ്ലാസ്റ്റേഴ്സിനോട് സ്പോർട്സ് കൗൺസിൽ ആവശ്യപ്പെട്ടു. മേഴ്സിക്കുട്ടനെതിരെ നിയമനടപടി സ്വീകരിക്കും എന്നും അദ്ദേഹം പറഞ്ഞു. പാർട്ടി ജില്ലാ നേതൃത്വത്തെ എല്ലാ വിവരവും അറിയിച്ചു. മുൻകൂർ അനുമതിയില്ലാതെയാണ് ബ്ലാസ്റ്റേഴ്സ് അധികൃതർ കുട്ടികളെ എത്തിച്ചത്. ഗെയ്റ്റ് എപ്പോഴും അടഞ്ഞു തന്നെയാണ് കിടക്കാറ്. താനല്ല ഗേറ്റ് പൂട്ടാൻ നിർദ്ദേശം നൽകിയത്. മാധ്യമ വാർത്ത കണ്ടപ്പോൾ തന്നെ ഗേറ്റ് തുറക്കാൻ നിർദേശിച്ചു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Kerala News Today