Latest Malayalam News - മലയാളം വാർത്തകൾ

നരേന്ദ്രമോദിക്കെതിരെ മോശം പരാമർശം; മൂന്ന് മാലദ്വീപ് മന്ത്രിമാർക്ക് സസ്പെൻഷൻ

NATIONAL NEWS – ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ മോശം പരാമർശം നടത്തിയ സംഭവത്തിൽ മാലദ്വീപിലെ മൂന്ന് മന്ത്രിമാരെ സസ്പെൻഡ് ചെയ്തു.
മോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തിനെതിരെ മന്ത്രിമാർ നടത്തിയ പരാമർശമാണ് നടപടിക്കടിസ്ഥാനം. മന്ത്രിമാരായ മറിയം ഷിയുന, മൽഷ, ഹസൻ സിഹാൻ എന്നിവരെയാണ് മാലദ്വീപ് സർക്കാർ സസ്പെൻഡ് ചെയ്തത്.
മന്ത്രിമാരുടെ പ്രസ്താവന വ്യക്തിഗത അഭിപ്രായം മാത്രമാണെന്നും അത് സര്‍ക്കാര്‍ നയമല്ലെന്നും മാലദ്വീപ് ഭരണകൂടം ഔദ്യോഗിക വിശദീകരണത്തിൽ പറയുന്നു.
സാമൂഹിക മാധ്യമങ്ങളിലൂടെ നടത്തുന്ന വിദ്വേഷപരാമർശങ്ങൾക്കെതിരെ നടപടിയുണ്ടാകുമെന്നും പ്രസ്താവനയിൽ മാലദ്വീപ് വ്യക്തമാക്കിയിട്ടുണ്ട്.

നരേന്ദ്രമോദിയുടെ ലക്ഷദ്വീപ് സന്ദര്‍ശനം ഇന്ത്യ മാലദ്വീപിനെ ലക്ഷ്യമിടുന്നതിന്റെ സൂചനയാണെന്നായിരുന്നു മന്ത്രി മറിയം ഷിയുന എക്‌സില്‍ കുറിച്ചത്.
ലക്ഷദ്വീപിലെ സ്നോര്‍ക്കെല്ലിംഗിനെക്കുറിച്ച് എക്സില്‍ പ്രധാനമന്ത്രി മോദി പങ്കുവെച്ച പോസ്റ്റുകള്‍ വൈറലായതിന് പിന്നാലെയായിരുന്നു മന്ത്രിയുടെ കുറിപ്പ് വന്നത്.
പരാമര്‍ശം വിവാദമായതോടെ നീക്കി. മറിയം ഷിയുനയ്ക്ക് പുറമേ മൽഷ, ഹസൻ സിഹാൻ എന്നീ മന്ത്രിമാരും മോദിയെ വിമർശിച്ച് രം​ഗത്തെത്തിയിരുന്നു.

വിമര്‍ശനത്തെ തള്ളി മാലദ്വീപ് മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദ് പിന്നാലെ രം​ഗത്തെത്തിയിരുന്നു.
മന്ത്രിയുടെ പരാമര്‍ശത്തെ അപലപിച്ച മുഹമ്മദ് നഷീദ് അത് സര്‍ക്കാരിന്റെ നയമല്ലെന്ന് വിശദീകരിച്ചു.
‘ ഒരു പ്രധാന സഖ്യകക്ഷി രാജ്യത്തെ നേതാവിനെതിരെ ഞെട്ടിക്കുന്ന തരത്തിലുള്ള ഭാഷയാണ് മന്ത്രി ഉപയോഗിച്ചത്. ദ്വീപ് രാഷ്ട്രത്തിന്റെ സമൃദ്ധിക്കും സുരക്ഷയ്ക്കും വേണ്ടി നിലകൊള്ളുന്ന പ്രധാന സഖ്യകക്ഷിയാണ് ഇന്ത്യ. മന്ത്രിയുടെ അഭിപ്രായം സര്‍ക്കാര്‍ നയമല്ലെന്ന് പ്രസിഡന്റ് മുഹമ്മദ് മുയിസു ഇന്ത്യയെ അറിയിക്കണം.’ നഷീദ് പറഞ്ഞു.

Leave A Reply

Your email address will not be published.