Latest Malayalam News - മലയാളം വാർത്തകൾ

കണ്ണൂരില്‍ IT പാര്‍ക്കിന് ഭരണാനുമതി, പിണറായിയിലെ വിദ്യാഭ്യാസ സമുച്ചയത്തിന് 285 കോടി

KERALA NEWS TODAY-തിരുവനന്തപുരം : ബജറ്റില്‍ പ്രഖ്യാപിച്ച കണ്ണൂര്‍ ഐ.ടി. പാര്‍ക്ക് സ്ഥാപിക്കുന്നതിന് മന്ത്രിസഭായോഗം ഭരണാനുമതി നല്‍കി.
കിന്‍ഫ്ര ഏറ്റെടുക്കുന്ന 5,000 ഏക്കറില്‍ നിന്ന് ഭൂമി കണ്ടെത്തും.
കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് പാര്‍ക്ക് സ്ഥാപിക്കുക.
സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിളായി കേരള സ്റ്റേറ്റ് ഐ.ടി. ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ലിമിറ്റഡിനെ നിയമിക്കും.

മുംബൈ ഭീകരാക്രമണത്തില്‍ സാരമായി പരിക്കേറ്റ എന്‍.എസ്.ജി. കമാന്‍ഡോ കണ്ണൂര്‍ അഴീക്കോട് സ്വദേശി പി.വി. മനേഷിന് ഭവന നിര്‍മ്മാണത്തിന് സൗജന്യമായി ഭൂമി പതിച്ച് നല്‍കാനും തീരുമാനമായി. പുഴാതി വില്ലേജ് റീ.സ. 42/15ല്‍പ്പെട്ട പഴശ്ശി ജലസേചന പദ്ധതിയുടെ അധീനതയിലുളള അഞ്ചുസെന്റ് ഭൂമിയാണ് സര്‍ക്കാരിന്റെ സവിശേഷാധികാരം ഉപയോഗിച്ച് പൊതുതാല്‍പ്പര്യം മുന്‍നിര്‍ത്തി സൗജന്യമായി പതിച്ച് നല്‍കുക.

പിണറായി വില്ലേജില്‍ കിഫ്ബി ധനസഹായത്തോടെ നിര്‍മ്മിക്കുന്ന വിദ്യാഭ്യാസ സമുച്ചയത്തിനോടനുബന്ധിച്ച് ഓപ്പണ്‍ എയര്‍ തീയേറ്റര്‍ ഉള്‍പ്പെടെ നിര്‍മ്മിക്കുന്നതിനായി പ്രോജക്ടിന്റെ എസ്.പി.വി. ആയ കെ.എസ്.ഐ.ടി.ഐ.എല്‍ ഐ.എച്ച്.ആര്‍.ഡി ഡയറക്ടര്‍ മുഖേന സമര്‍പ്പിച്ച 285 കോടി രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റിന് ഭരണാനുമതി നല്‍കി. കേരള സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡിന്റെ 2023-24 സാമ്പത്തിക വര്‍ഷത്തെ വിവിധ പ്ലാന്‍ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് 64 പ്രോജക്ട് സ്റ്റാഫുകളെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. സംസ്ഥാനത്ത് സെന്റര്‍ ഓഫ് എക്‌സലന്‍സ് ഇന്‍ മൈക്രോബയോം സ്ഥാപിക്കാനും യോഗം തീരുമാനിച്ചു.

Leave A Reply

Your email address will not be published.