NATIONAL NEWS- ബുൽഡാന: മഹാരാഷ്‌ട്രയിൽ ഓടുന്ന ബസിന് തീപിടിച്ചു 25 പേർ വെന്തുമരിച്ചു.
ഒട്ടേറെപ്പേർക്ക് പരിക്കേറ്റു. മിക്കവരുടെയും നില ഗുരുതരമാണ്. യവത്‌മാലിൽ നിന്ന് പുണെയിലേക്ക് പോയ ബസിനാണ് ബുൽഡാനയിൽ വച്ച് തീപിടിച്ചത്.
ഇന്ന് പുലർച്ചെ രണ്ടു മണിയോടെ ആയിരുന്നു അപകടമെന്നാണ് വിവരം. അപകടത്തിൽപ്പെട്ട ബസ് പൂർണമായും കത്തിനശിച്ചു.
വിദർഭ മേഖലയിൽ നാഗ്‌പൂർ-മഹാരാഷ്‌ട്ര സമൃദ്ധി മഹാമാർഗ് എക്‌സ്‌പ്രസ് വേയിലാണ് അപകടം ഉണ്ടായത്. അപകടത്തിന്റെ കാരണം വ്യക്‌തമല്ല.
ബസ് ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞാണ് തീപിടിച്ചതെന്നാണ് പ്രാഥമിക വിവരം. യവത്‌മാലിൽ നിന്ന് പുണെയിലേക്ക് ഏതാണ്ട് 10 മണിക്കൂറോളം യാത്രയുണ്ട്. യാത്ര പുറപ്പെട്ട ബസ് നിയന്ത്രണം വിട്ടു ഡിവൈഡറിൽ ഇടിച്ചു മറിയുകയായിരുന്നുവെന്നാണ് റിപ്പോർട്.
മറഞ്ഞതിന് തൊട്ടുപിന്നാലെ ബസിന് തീപിടിച്ചു. മറിഞ്ഞ ബസിൽ നിന്ന് പുറത്തു കടക്കാനാകാതെ യാത്രക്കാർ ഉള്ളിൽ കുടുങ്ങുകയായിരുന്നു.
നിമിഷ നേരം കൊണ്ട് പടർന്നുപിടിച്ചതോടെ ഉള്ളിലകപ്പെട്ട യാത്രക്കാർ വെന്തുമരിക്കുകയായിരുന്നു. തീപിടിച്ചതിന് പിന്നാലെ ബസ് പൊട്ടിത്തെറിച്ചു. അപകടം നടന്നത് പുലർച്ചെ ആയതിനാൽ യാത്രക്കാർ ഉറക്കത്തിലായിരുന്നതും അപകടത്തിന്റെ വ്യാപ്‌തി കൂട്ടി. ഇതുവരെ 25 മൃതദേഹങ്ങളാണ് ബസിൽ നിന്ന് കണ്ടെടുത്തത്.
ബസിൽ ആകെ 32 പേരുണ്ടായിരുന്നുവെന്നാണ് വിവരം. പരിക്കേറ്റവരെ ബുൽധാന സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.