NATIONAL NEWS:ഗാങ്ടോക്ക്: സിക്കിം പ്രളയത്തിൽ മരിച്ചവരുടെ എണ്ണം ഒന്‍പതായി. മഴയും മണ്ണിടിച്ചിലും കനത്ത ഉത്തര സിക്കിമിലെ മാംഗാൻ ജില്ലയിൽ രണ്ടായിരത്തോളം വിനോദ സഞ്ചാരികൾ കുടുങ്ങിക്കിടക്കുന്നു. മേഖലയിലേക്കുള്ള റോഡുകൾ തകർന്നതോടെ രക്ഷാപ്രവർത്തനം ദുഷ്കരമായി.
കഴിഞ്ഞ രണ്ട് ദിവസത്തിനിടെ സിക്കിമിലെ മാംഗാൻ ജില്ലയിൽ മാത്രം പെയ്തത് 220 മില്ലിമീറ്റർ മഴയാണ്. കനത്ത മണ്ണിടിച്ചിലിൽ പലയിടത്തുമുള്ള റോഡുകൾ ഒലിച്ചുപോയി. ഇതോടെ മേഖലയിൽ കരമാർഗ്ഗം രക്ഷാപ്രവർത്തനം നടത്താനുള്ള സാധ്യതകൾ പൂർണ്ണമായും അടഞ്ഞു. സംസ്ഥാനത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ ഗുരുഡോങ്മർ തടാകവും യുൻതാങ് താഴ്വരയും സ്ഥിതി ചെയ്യുന്നതും മാംഗാനിലാണ്. അപ്രതീക്ഷിത പ്രളയത്തിൽ ജില്ല ഒറ്റപ്പെട്ടതോടെ വിനോദ സഞ്ചാരികളുമായി ഇവിടേക്ക് എത്തിയ 200 ഓളം വാഹനങ്ങളും പ്രദേശത്ത് കുടുങ്ങിക്കിടക്കുകയാണ്. കനത്ത മഴ തുടരുന്നത് എയർലിഫ്റ്റ് ചെയ്യാനുള്ള നീക്കങ്ങള്‍ക്കും വെല്ലുവിളിയാണ്
ടീസ്ത നദിയുടെ തീരങ്ങളില്‍ കഴിയുന്നവര്‍ക്ക് ആവര്‍ത്തിച്ച് ജാഗ്രതാ നിർദേശം നൽകുന്നുണ്ട്. വെള്ളം കരകവിഞ്ഞൊഴുകിയതോടെ പശ്ചിമ ബംഗാളിലെ അതിർത്തി ഗ്രാമങ്ങളും പ്രളയ ഭീഷണിയിലാണ്. കാലാവസ്ഥാ വകുപ്പിന്റെ കണക്ക് പ്രകാരം ജൂൺ ആദ്യ വാരത്തില്‍ സാധാരണയായി 162 മില്ലിമീറ്റർ മഴയാണ് സിക്കിമിൽ ലഭിക്കുന്നത്. എന്നാൽ 54 ശതമാനത്തോളം വർധനവോടെ 250 മില്ലിമീറ്ററാണ് ഇതിനോടകം പെയ്തത്. കഴിഞ്ഞ വർഷം ഒക്ടോബറിലുണ്ടായ മിന്നൽ പ്രളയത്തേക്കാൾ കനത്ത നാശനഷ്ടങ്ങളാണ് സിക്കിമിലുണ്ടായത്.