Latest Malayalam News - മലയാളം വാർത്തകൾ

നെടുങ്കണ്ടത്ത് തൂവൽ അരുവിയിലെ വെള്ളച്ചാട്ടത്തിൽ വീണ് 2 വിദ്യാർഥികക്ക് ദാരുണാന്ത്യം

KERALA NEWS TODAY – നെടുങ്കണ്ടം : ഇടുക്കി നെടുങ്കണ്ടത്ത് തൂവൽ വെള്ളച്ചാട്ടത്തിനു സമീപം രണ്ടു വിദ്യാർഥികളെ ജലാശയത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.
തൂവൽ വെള്ളച്ചാട്ടത്തിനു സമീപമുള്ള ജലാശയത്തിലാണ് ഡിഗ്രി വിദ്യാർഥിയെയും, പ്ലസ് വൺ വിദ്യാർഥിനിയും മരിച്ച നിലയിൽ കണ്ടെത്തിയത്.
കാൽവഴുതി അപകടത്തിൽപ്പെട്ടതാകാം എന്നാണ് പ്രാഥമിക നിഗമനം. നെടുങ്കണ്ടം താന്നിമൂട് കുന്നപ്പള്ളിയിൽ സെബിൻ സജി (19), പാമ്പാടുംപാറ ആദിയാർപുരം കുന്നത്ത്മല അനില (16) എന്നിവരാണ് മരിച്ചത്.

അനില കല്ലാർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയും സെബിൻ ഡിഗ്രി രണ്ടാം വർഷ വിദ്യാർഥിയുമാണ്.
ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് ഇരുവരും തൂവൽ വെള്ളച്ചാട്ടം കാണാനായി എത്തിയത്.
വൈകുന്നേരമായിട്ടും പെൺകുട്ടി തിരികെ എത്താതിരുന്നതിനാൽ ബന്ധുക്കൾ നെടുങ്കണ്ടം പൊലീസിൽ പരാതി നൽകുകയായിരുന്നു. അതേസമയം, ഇന്നലെ വൈകിട്ട് ആറു മണിയോടെ തൂവൽ വെള്ളച്ചാട്ടത്തിനു സമീപം ബൈക്ക് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ വിവരം നാട്ടുകാർ പൊലീസിൽ അറിയിച്ചു.

തുടർന്ന് വെള്ളച്ചാട്ടത്തിനു സമീപം നടത്തിയ പരിശോധനയിൽ വിദ്യാർഥികളുടെ ചെരിപ്പുകൾ കണ്ടെത്തി.
ഇതാണ് വെള്ളച്ചാട്ടത്തിൽ അകപ്പെട്ടിട്ടുണ്ടാകാം എന്ന സംശയം ബലപ്പെടുത്തിയത്. നെടുങ്കണ്ടത്തുനിന്ന് എത്തിയ അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിൽ രാത്രി 12 മണിയോടെ സെബിന്റെയും പിന്നീട് അനിലയുടെയും മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു.

മൃതദേഹങ്ങൾ ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു നൽകും. അസ്വാഭാവിക മരണത്തിന് നെടുങ്കണ്ടം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Leave A Reply

Your email address will not be published.