Latest Malayalam News - മലയാളം വാർത്തകൾ

തിരുവനന്തപുരത്ത് പട്ടാപ്പകൽ 17-കാരിക്ക് നേരേ ലൈംഗികാതിക്രമം

KERALA NEWS TODAY-തിരുവനന്തപുരം: സ്‌കൂള്‍ വിദ്യാര്‍ഥിനിക്ക് നേരേ പട്ടാപ്പകല്‍ ലൈംഗികാതിക്രമം നടത്തിയ കേസില്‍ പ്രതിക്ക് പത്തുവര്‍ഷം കഠിനതടവും 40,000 രൂപ പിഴയും ശിക്ഷ.
ബിഹാര്‍ സ്വദേശിയായ സംജയി(20)നെയാണ് തിരുവനന്തപുരം അതിവേഗ കോടതി ജഡ്ജി ആര്‍.രേഖ ശിക്ഷിച്ചത്.
പിഴത്തുക പെണ്‍കുട്ടിക്ക് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.
പിഴ അടച്ചില്ലെങ്കില്‍ പ്രതി എട്ടുമാസം കൂടി തടവ് അനുഭവിക്കണം.

2022 ജൂണ്‍ ഏഴാം തീയതി ഉച്ചയ്ക്ക് നന്തന്‍കോട്‌വെച്ചാണ് സ്‌കൂള്‍ വിദ്യാര്‍ഥിനിയായ 17-കാരിക്ക് നേരേ ലൈംഗികാതിക്രമമുണ്ടായത്. ഉച്ചയ്ക്ക് സ്‌കൂളില്‍നിന്ന് കൂട്ടുകാരിക്കൊപ്പം ഹോസ്റ്റലിലേക്ക് പോവുകയായിരുന്ന പെണ്‍കുട്ടിയെ പ്രതി കടന്നുപിടിക്കുകയായിരുന്നു. സംഭവത്തെത്തുടര്‍ന്ന് പെണ്‍കുട്ടി നിലവിളിച്ചതോടെ പ്രതി ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു. തുടര്‍ന്ന് നാട്ടുകാരാണ് യുവാവിനെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്.

മ്യൂസിയം എസ്.ഐ.മാരായിരുന്ന എസ്.ആര്‍.സംഗീത, അജിത്കുമാര്‍ എന്നിവരാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. വിചാരണയില്‍ പ്രോസിക്യൂഷന്‍ എട്ടുസാക്ഷികളെ വിസ്തരിച്ചു. 11 രേഖകളും ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ആര്‍.എസ്.വിജയമോഹന്‍, ആര്‍.വൈ. അഖിലേഷ് എന്നിവര്‍ ഹാജരായി.

Leave A Reply

Your email address will not be published.