ഹാഥ്റസ്∙ തിക്കിലും തിരക്കിലുംപെട്ട് 121 പേര് മരിച്ച ഹാഥ്റസിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെത്തി. മരിച്ചവരുടെ കുടംബാംഗങ്ങളുമായും ദുരന്തത്തിൽ പരുക്കേറ്റവരുമായും രാഹുൽ സംസാരിച്ചു. പ്രദേശത്ത് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പുലർച്ചെ 5.10നാണ് രാഹുൽ ഡൽഹിയിൽ നിന്നും ഹാഥ്റസിലേക്ക് പുറപ്പെട്ടത്. അഖിലേഷ് യാദവും ഒപ്പമുണ്ട്.
അപകടമുണ്ടായ പ്രാർഥന ചടങ്ങിന്റെ സംഘാടകരായ 6 പേരെ ഉത്തര്‍പ്രദേശ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെങ്കിലും ഗുരു ഭോലെ ബാബയുടെ പേര് എഫ്ഐആറില്‍ ഇല്ല. ആവശ്യമെങ്കില്‍ ചോദ്യം ചെയ്യാമെന്ന നിലപാടിലാണ് പൊലീസ്. ദുരന്തത്തിനു പിന്നാലെ ഒളിവില്‍ പോലെ ഭോലെ ബാബയ്ക്കായി മെയിന്‍പൂരിയിലെ ആശ്രമത്തില്‍ ഉള്‍പ്പെടെ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പ്രധാന പ്രതി ദേവ്പ്രകാശ് മധുകറും ഒളിവിലാണ്. ഇയാളെ കണ്ടെത്തുന്നവര്‍ക്ക് പൊലീസ് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു.