INTERNATIONAL NEWS CHINA:സ്ത്രീകളോട് വീട്ടിലിരിക്കാനും വിവാഹം കഴിച്ച് കൂടുതല്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കാനും ഉപദേശിച്ച് ചൈനയിലെ ദേശീയ വനിതാ കോണ്‍ഗ്രസ്. കോണ്‍ഗ്രസിന്റെ സമാപന യോഗത്തില്‍ ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ് വനിതാ പ്രതിനിധികള്‍ക്കായി പ്രത്യേക ക്ലാസ് എടുത്തു. വിവാഹം കഴിക്കുകയും കുട്ടികളെ പ്രസവിക്കുകയും ചെയ്യുന്ന പുതിയൊരു സംസ്‌കാരം വളര്‍ത്തിയെടുക്കണമെന്ന് തന്റെ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞത്. പ്രണയം, വിവാഹം, കുടുംബം, കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കല്‍ എന്നിവയില്‍ യുവാക്കളെ സ്വാധീനിക്കാന്‍ പാര്‍ട്ടി നേതാക്കള്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അഞ്ച് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന വനിതാ കോണ്‍ഗ്രസ് ഭരണകക്ഷിയായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് സ്ത്രീകളോടുള്ള പ്രതിബദ്ധത പ്രകടിപ്പിക്കുന്നതിനുള്ള ഒരു വേദിയായാണ് കരുതപ്പെടുന്നത്. ഇത് മിക്കപ്പോഴും പ്രതീകാത്മകമാണെങ്കിലും ഈ വര്‍ഷത്തെ കോണ്‍ഗ്രസ് മറ്റൊരു രീതിയില്‍ ശ്രദ്ധിക്കപ്പെട്ടു. രണ്ട് പതിറ്റാണ്ടിനിടെ ആദ്യമായി പാര്‍ട്ടിയുടെ എക്‌സിക്യുട്ടിവ് നയരൂപീകരണ സംഘത്തില്‍ സ്ത്രീകളില്ലായിരുന്നു. ഇത്തവണത്തെ വനിതാ കോണ്‍ഗ്രസില്‍ ലിംഗ സമത്വത്തെ നേതാക്കള്‍ നിസ്സാരവത്കരിച്ചുവെന്നതാണ് ശ്രദ്ധേയമായത്. വിവാഹം കഴിക്കുക, കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുക എന്ന പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ ലക്ഷ്യത്തിനാണ് കോണ്‍ഗ്രസില്‍ നേതാക്കന്മാര്‍ ഊന്നല്‍ നല്‍കിയത്.