മലയാള സിനിമ മേഖലയിൽ സ്ത്രീകൾ നേരിടുന്നത് ലൈംഗികാതിക്രമം ഉള്‍പ്പടെയുള്ള വ്യാപക ചൂഷണങ്ങളാണെന്ന ഞെട്ടിക്കുന്ന വിവരങ്ങൾ വെളിപ്പെടുത്തി ഹേമ കമ്മിറ്റി റിപ്പോർട്ട്. സിനിമാമേഖലയിൽ വ്യാപക ലൈംഗിക ചൂഷണമാണ് നടക്കുന്നതെന്ന് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. അവസരം കിട്ടാൻ വിട്ടുവീഴ്ച ചെയ്യണമെന്നും വഴിവിട്ട കാര്യങ്ങൾ ചെയ്യാൻ സംവിധായകരും നിർമ്മാതാക്കളും നിർബന്ധിക്കുമെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു. മലയാള സിനിമയിൽ കാര്യങ്ങളെല്ലാം നിയന്ത്രിക്കുന്ന പവർഗ്രൂപ്പുണ്ടെന്നും അവർക്കെതിരെ സംസാരിക്കാൻ ആർട്ടിസ്റ്റുകൾക്ക് ഭയമാണെന്നും റിപ്പോർട്ടിൽ പറയുന്നു. ജൻഡർ ജസ്റ്റിസ് വേണമെന്നാണ് റിപ്പോർട്ടിന്റെ പ്രധാന ആവശ്യം.
അതേസമയം തന്നെ സിനിമാ മേഖലയില്‍ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം വ്യാപകമാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം സിനിമയില്‍ വ്യാപകമാണ്. മിക്കവരും മദ്യപിച്ചിട്ടാണ് സെറ്റിലെത്തുന്നതെന്ന് സിനിമാ ശ്രേണിയില്‍ ഏറെ ഉന്നതനായ ഒരു സാക്ഷി പറഞ്ഞതായി റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്. ആർത്തവ സമയത്ത് സ്ത്രീകൾ അടിസ്ഥാന സൗകര്യമില്ലാതെ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ശുചിമുറി പോലും ലഭിക്കുന്നില്ല. കൂടാതെ സിനിമയിൽ നിന്നും തങ്ങളെ വിലക്കിയെന്ന് പ്രമുഖ നടിമാർ പോലും മൊഴി നൽകിയിട്ടുണ്ട്. കാര്യങ്ങൾ തുറന്ന് പറയുന്നവർക്ക് മോശം അനുഭവമാണെന്നും പലർക്കും ഭയമാണെന്നും റിപ്പോർട്ടിൽ പറയുന്നു. ലൈംഗിക ഉപദ്രവം തുറന്നു പറഞ്ഞാൽ തൊഴിൽ നഷ്ടമാകുന്ന സാഹചര്യം ഉണ്ടാകുന്നുവെന്നും ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നു.
2019 ഡിസംബര്‍ 31നായിരുന്നു ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറിയത്. മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് നല്കിയ റിപ്പോര്‍ട്ടില്‍ 300 പേജുകളാണുള്ളത്. ഡബ്ല്യുസിസി ഉള്‍പ്പെടെ പലവട്ടം ആവശ്യപ്പെട്ടിട്ടും റിപ്പോര്‍ട്ട് പുറത്തുവിടാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. ഒടുവില്‍ വിവരാവകാശ കമ്മീഷന്റെ ഇടപെടലിന് പിന്നാലെയാണ് റിപ്പോര്‍ട്ട് പുറത്തുവിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.