മലപ്പുറത്ത് വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ച സംഭവം ആസൂത്രിത നരഹത്യയെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. നിയമ വിരുദ്ധമായ ഇത്തരം ചികിത്സാ രീതികൾ പ്രോത്സാഹിപ്പിക്കുന്നവർക്കെതിരെ നിയമനടപടി ശക്തമാക്കുമെന്നും തെറ്റായ രീതികൾ അവലംബിക്കുന്നത് നിയമവിരുദ്ധമാണെന്നും മന്ത്രി പറഞ്ഞു. ഏത് ചികിത്സാ രീതിയും സ്വീകരിക്കാൻ ഓരോരുത്തർക്കും ഇന്ത്യയുടെ ഭരണഘടന അനുസരിച്ച് അവകാശമുണ്ട്. എന്നാൽ ഓരോ രാജ്യത്ത് അംഗീകരിക്കപ്പെട്ട ചികിത്സാ സംവിധാനങ്ങൾ തേടാനാണ് ശ്രമിക്കേണ്ടത് അതിന് യാതൊരു വിധത്തിലുള്ള വിലക്കും ഇല്ലെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. മലപ്പുറം ചട്ടിപ്പറമ്പിൽ വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ച സംഭവത്തിൽ അറസ്റ്റിലായ ഭർത്താവ് സിറാജുദ്ദീനുമായുള്ള പൊലീസിന്റെ തെളിവെടുപ്പ് തുടരും.സിറാജുദ്ധീനെ പെരുമ്പാവൂരിലടക്കം എത്തിച്ചു തെളിവെടുപ്പ് നടത്താനാണ് പൊലീസ് നീക്കം. സിറാജുദ്ധീനുമായി മരണം സംഭവിച്ച ചട്ടിപ്പറമ്പിലെ വീട്ടിൽ എത്തിച്ചു പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു.
