കശ്മീരിലെ പഹൽഗാമിൽ കഴിഞ്ഞ ദിവസമുണ്ടായ ഭീകരാക്രമണത്തിൽ കൊച്ചി ഇടപ്പള്ളി സ്വദേശിയായ രാമചന്ദ്രന് ജീവൻ നഷ്ടമായി. ഭാര്യയ്ക്കും മകൾക്കും ഇരട്ടകളായ പേരക്കുട്ടികൾക്കുമൊപ്പം യാത്രപോയ എൻ രാമചന്ദ്രൻ മകളുടെ കൺമുന്നിൽവെച്ചാണ് ഭീകരർ കൊലപ്പെടുത്തിയത്. മകൾ ആരതിക്കു നേരേ തോക്കു ചൂണ്ടിയെങ്കിലും വെടിവയ്ക്കാതെ ഒഴിവാക്കി. ഇതിനെല്ലാം ആരതിയുടെ ആറുവയസ്സുകാരായ ഇരട്ടക്കുട്ടികളും സാക്ഷിയായിരുന്നു. ഹൃദ്രോഗിയായ ഭാര്യ ഷീല ഈ സമയം കാറിൽ ഇരിക്കുകയായിരുന്നു. അതുകൊണ്ടുതന്നെ സംഭവമൊന്നും അറിഞ്ഞില്ല. ഇവരെല്ലാം കശ്മീരിലെ ഹോട്ടലിൽ സുരക്ഷിതരാണ്. രാമചന്ദ്രൻ മരിച്ച വിവരം ഷീലയെ ഇതുവരെ അറിയിച്ചിട്ടില്ല.
ദുബായിൽ സ്ഥിരതാമസക്കാരിയായ മകൾ ആരതിയും കുട്ടികളും വിഷു ആഘോഷിക്കാൻ ഇടപ്പള്ളിയിലെ വീട്ടിലെത്തിയിരുന്നു. ഹൈദരാബാദിലെ ബന്ധുവിനെ സന്ദർശിച്ച ശേഷമായിരുന്നു ഇവരുടെ കശ്മീർ യാത്ര. ഇന്നലെ ഉച്ചയ്ക്ക് 2:30 ഓടെയാണ് വിനോദസഞ്ചാരികൾക്ക് നേരെ ഭീകരർ വെടിയുതിർത്തത്. ആക്രമണത്തിൽ ഒരു മലയാളി ഉൾപ്പെടെ 28 പേർ മരിച്ചതായാണ് റിപ്പോർട്ടുകൾ. നിരവധിപ്പേർക്ക് ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ലഷ്‌കർ-ഇ-തൊയ്ബയുടെ ഉപസംഘടനയായ ദി റെസിസ്റ്റൻ്റ് ഫ്രണ്ട് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റടുത്ത് രംഗത്ത് വന്നിരുന്നു. ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ലഷ്കർ നേതാവ് സെയ്ഫുള്ള കസൂരിയെന്നും സൂചനയുണ്ട്.