തിരുവാതുക്കലിൽ ഇരട്ടക്കൊല നടന്ന വീട്ടിലെ കിണർ പരിശോധിക്കും. കിണറ്റിലെ വെള്ളം വറ്റിച്ച് പരിശോധന നടത്താനാണ് നിലവിലെ തീരുമാനം. സിസിടിവി ഡിവിആർ അടക്കം കണ്ടെത്താനുള്ള തിരച്ചിലിന്റെ ഭാഗമായാണ് പരിശോധന. കിണറിന്റെ പരിസരത്ത് പ്രതി എത്തിയതിന്റെ ലക്ഷണങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. കാൽപ്പാടുകളും പേപ്പർ കഷ്ണങ്ങളും കിണറിനരികിൽ കണ്ടെത്തിയിട്ടുണ്ട്. അതേസമയം കൊല്ലപ്പെട്ട വിജയകുമാറിന്റെയും മീരയുടെയും മൂന്ന് മൊബൈൽ ഫോണുകളും കാണാതായിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി. ഫോണുകൾ നിലവിൽ സ്വിച്ച് ഓഫ് ആണെന്നാണ് വിവരം. വ്യവസായി വിജയ കുമാറിനേയും ഭാര്യ മീരയേയുമാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. വിജയകുമാറിന്റെ മൃതദേഹം കിടന്നിരുന്നത് വീടിന്റെ ഹാളിലാണ്. ഭാര്യ മീരയുടെ മൃതദേഹം കിടന്നിരുന്നത് കിടപ്പു മുറിയിലും. വീട്ടിലെ ജോലിക്കാരി രാവിലെ എത്തിയപ്പോഴാണ് ഇരുവരെയും മരിച്ചനിലയിൽ കണ്ടത്.