സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ആറു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോഴിക്കോട്,കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട്. അടുത്ത മൂന്ന് ദിവസങ്ങളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴക്കും കാറ്റിനും സാധ്യതയുണ്ടെന്നും കാലവസ്ഥ വകുപ്പ് അറിയിച്ചു.
കേരള തീരത്തും തമിഴ്നാട് തീരത്തും ബുധനാഴ്ച രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും വലിയ തിരമാലകൾക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
മത്സ്യബന്ധനം വിലക്കിയിട്ടുണ്ട്. കേരള തീരം മുതൽ മഹാരാഷ്ട്ര തീരം വരെ ന്യൂനമർദ പാത്തി നിലനിൽക്കുന്നുണ്ട്. വടക്കൻ ഗുജറാത്തിന് മുകളിൽ ചക്രവാദ ചുഴിയും രൂപപ്പെട്ടിട്ടുണ്ട്. ഇത് ശക്തമായ മഴക്ക് കാരണമാണെന്ന് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്.