Latest Malayalam News - മലയാളം വാർത്തകൾ

ജാർഖണ്ഡിലും പശ്ചിമ ബംഗാളിലും വ്യാപക ഇഡി റെയ്‌ഡ്‌

Widespread ED raids in Jharkhand and West Bengal

രാജ്യസുരക്ഷയെ പോലും ബാധിക്കുന്ന ഗൗരവകരമായ നുഴഞ്ഞു കയറ്റവുമായി ബന്ധപ്പെട്ട കേസിലാണ് ഇഡി ഇപ്പോൾ ജാർഖണ്ഡിലും പശ്ചിമ ബംഗാളിലും റെയ്‌ഡ്‌ നടത്തിക്കൊണ്ടിരിക്കുന്നത്. നിലവിൽ 17 ഇടങ്ങളിലായിട്ടാണ് ഇഡി വ്യാപക റെയ്ഡ് നടത്തുന്നത്. അനധികൃതമായി ബംഗ്ലാദേശികൾ നുഴഞ്ഞു കയറുകയും ഇന്ത്യൻ പൗരത്വം തെളിയിക്കാനായി വ്യാജ ആധാർ കാർഡ് അടക്കമുള്ള രേഖകൾ തയ്യാറാക്കിയതായി കണ്ടെത്തുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ജൂൺ ആറിനാണ് റാഞ്ചിയിലെ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുന്നത്. പശ്ചിമ ബംഗാളിലും ഇതിന് സമാനമായ രീതിയിൽ കേസുകൾ കണ്ടെത്തിയിരുന്നു. ഇതിന് പിന്നിൽ ആസൂത്രിത സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നും പെൺകുട്ടികളെ ഈ രണ്ട് സംസ്ഥാനങ്ങളിലേക്കും കടത്തി കൊണ്ടുവന്ന് അവർക്ക് ഇന്ത്യൻ തിരിച്ചറിയൽ രേഖകൾ ലഭിക്കാനായി പണം വാങ്ങിയതായും കണ്ടെത്തിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് കള്ളപണമൊഴുക്ക് പരിശോധിക്കുന്നതിനായി ഇഡി റെയ്‌ഡ്‌ നടത്തുന്നത്. ഇരു സംസ്ഥാനങ്ങളിലെയും പൊലീസുമായി ചേർന്നാണ് ഇഡി പരിശോധന നടത്തുന്നത്. ഇതിന് പിന്നിൽ ഭീകരസംഘടനകൾക്ക് പങ്കുണ്ടോയെന്നും അന്വേഷണ ഏജൻസികൾ പരിശോധിച്ചു വരികയാണ്.

അതേസമയം, ജാർഖണ്ഡിൽ ആദ്യഘട്ട വോട്ടെടുപ്പ് നാളെ നടക്കും. 43 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുക. ആദ്യഘട്ടത്തിൽ 685 സ്ഥാനാർത്ഥികൾ ജനവിധി തേടും. വാശിയറിയ തിരഞ്ഞെടുപ്പ് പ്രചരണത്തിലാണ് മുന്നണികൾ. ബംഗ്ലാദേശിൽ നിന്നുള്ള നുഴഞ്ഞുകയറ്റവും ഭൂമി കയ്യേറലും ഭരണഘടനയും സംസ്ഥാനത്ത് മുഖ്യപ്രചരണ വിഷയങ്ങളാണ്. ജാർഖണ്ഡിൽ പ്രചരണത്തിനെത്തിയ രാഹുൽ ഗാന്ധി ഭരണഘടന ഉയർത്തിയായിരുന്നു ബിജെപിക്ക് മറുപടി നൽകിയത്. ആദ്യഘട്ട തിരഞ്ഞെടുപ്പിനായുള്ള അവസാന മണിക്കൂറുകളിൽ തിരക്കിട്ട രാഷ്ട്രീയ ചർച്ചകളിലാണ് ജാർഖണ്ഡ്.

Leave A Reply

Your email address will not be published.