Latest Malayalam News - മലയാളം വാർത്തകൾ

മാധ്യമ പ്രവര്‍ത്തകരെ തടയാൻ എന്തധികാരം ; സുരേഷ് ഗോപിക്കെതിരെ സാറ ജോസഫ്

What power to stop media workers; Sarah Joseph against Suresh Gopi

മാധ്യമപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്ത കേന്ദ്ര മന്ത്രി സുരേഷ് ഗോപിയെ വിമര്‍ശിച്ച് എഴുത്തുകാരി സാറ ജോസഫ്. ജനപ്രതിനിധികള്‍ മാധ്യമ പ്രവര്‍ത്തകരെ തടയുന്നത് എന്തധികാരത്തിലാണെന്നും ജനാധിപത്യ സംവിധാനത്തില്‍ ജനപ്രതിനിധികള്‍ക്ക് തുല്യമായ പദവിയാണ് മാധ്യമങ്ങള്‍ക്കുള്ളതെന്നും അവര്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസമാണ് മുകേഷിനെതിരായ ലൈംഗികാരോപണത്തിൽ മാധ്യമങ്ങൾ സുരേഷ് ഗോപിയോട് പ്രതികരണം ചോദിച്ചത്. എന്നാൽ മാധ്യമ പ്രവർത്തകരെ രൂക്ഷമായി വിമർശിച്ച സുരേഷ് ഗോപി അവരെ തള്ളിമാറ്റി വാഹനത്തിൽ കയറി പോകുകയും ചെയ്തു. തൃശൂരിൽ വച്ചായിരുന്നു സംഭവം.

സുരേഷ് ഗോപിയുടെ ഈ പ്രതികരണത്തിനെതിരെയാണ് ഇപ്പോൾ സാറ ജോസഫ് വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്. ജനങ്ങള്‍ക്കു വേണ്ടി സംസാരിക്കുകയാണ് മാധ്യമങ്ങള്‍ ചെയ്യുന്നത്. അതിനാല്‍ തന്നെ അവര്‍ക്ക് ചോദ്യങ്ങള്‍ ചോദിയ്‌ക്കേണ്ടിവരും. അതൊരു നിരന്തരപ്രവര്‍ത്തനമാണ്. മാധ്യമങ്ങള്‍ നിങ്ങള്‍ക്കുപിന്നാലെയുണ്ട് എന്നതിനര്‍ത്ഥം ജനങ്ങള്‍ നിങ്ങള്‍ക്കുപിന്നാലെയുണ്ട് എന്നാണെന്ന് ജനപ്രതിനിധികള്‍ കരുതിയിരിക്കണമെന്നും സാറ ജോസഫ് വ്യക്തമാക്കി.

Leave A Reply

Your email address will not be published.