വയനാട് ഉരുള്‍പൊട്ടൽ ദുരന്തത്തിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. ഇതിനായി രജിസ്ട്രാര്‍ക്ക് ഹൈക്കോടതി നിര്‍ദേശം നൽകി. മാധ്യമ വാര്‍ത്തകളുടെയും ഹൈക്കോടതിക്ക് ലഭിച്ച പരാതികളുടെയും കത്തിന്റെയും അടിസ്ഥാനത്തിലാണ് ഡിവിഷൻ ബെഞ്ചിന്റെ നടപടി. സ്വമേധയാ സ്വീകരിച്ച ഹര്‍ജി നാളെ രാവിലെ ജസ്റ്റിസുമാരായ ജയശങ്കരൻ നമ്പ്യാർ, വിഎം ശ്യാംകുമാർ എന്നിവരുടെ ഡിവിഷൻ ബെഞ്ച് പരിഗണിക്കും. ഗാഡ്ഗിൽ, കസ്തൂരിരംഗൻ റിപ്പോർട്ടുകളും കോടതിയുടെ പരിഗണന വിഷയങ്ങളിൽ ഉൾപ്പെടും. വയനാട് ദുരന്തമുണ്ടായതിന് പിന്നാലെ സ്ഥിതിഗതികളെക്കുറിച്ച് ഹൈക്കോടതി ആരാഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സ്വമേധയാ കേസെടുക്കാൻ തീരുമാനമായത്. അതേസമയം വയനാട് ഉരുള്‍പൊട്ടല്‍ മേഖലയില്‍ സൈന്യം തിരച്ചില്‍ അവസാനിപ്പിച്ചു. ഇനിയുള്ള തിരച്ചില്‍ എന്‍ഡിആര്‍എഫിന്റേയും അഗ്നിശമനസേനയുടേയും നേതൃത്വത്തില്‍ നടക്കും. ഹെലികോപ്റ്റര്‍ തിരച്ചിലിനും ബെയ്‌ലി പാലം ശക്തിപ്പെടുത്തുന്നതിനുമുള്ള സംഘം മാത്രം മേഖലയില്‍ തുടരുകയും മറ്റു സൈനിക സംഘങ്ങള്‍ മടങ്ങുകയും ചെയ്യും.
