മഹാരാഷ്ട്രയിൽ വാട്ടർ ടാങ്ക് തകർന്നു വീണ് രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച പാൽഘർ ജില്ലയിലെ ഒരു ഗ്രാമത്തിലാണ് സംഭവം നടന്നത്. 12 വയസ്സ് പ്രായമുള്ള രണ്ട് കുട്ടികളാണ് മരിച്ചത്. മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റതായും പൊലീസ് പറഞ്ഞു. സുഖ്ദാംബ ഗ്രാമത്തിലെ സ്കൂളിന് സമീപമുള്ള വാട്ടർ ടാങ്കിൽ കയറിയതോടെ സ്ലാബ് ഇളകി ടാങ്ക് തകർന്നതോടെ വിദ്യാർത്ഥികൾക്ക് അപകടം സംഭവിക്കുകയായിരുന്നു. രണ്ട് വിദ്യാർത്ഥികളും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ജൽ ജീവൻ മിഷന് കീഴിലാണ് വാട്ടർ ടാങ്ക് നിർമ്മിച്ചതെന്ന് ഗ്രാമീണർ പറഞ്ഞു. അപകട മരണത്തിന് കേസെടുത്തതായി കാസ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അവിനാശ് മണ്ടേൽ പറഞ്ഞു.
