Latest Malayalam News - മലയാളം വാർത്തകൾ

ആദ്യ ചരക്കുകപ്പലിനെ വരവേല്‍ക്കാന്‍ ഒരുങ്ങി വിഴിഞ്ഞം : വാട്ടര്‍ സല്യൂട്ട്, കൂറ്റന്‍ പന്തല്‍; ഉദ്ഘാടനം നാളെ

LOCAL NEWS വിഴിഞ്ഞം വിഴിഞ്ഞം: നിര്‍ദ്ദിഷ്ട വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് 15ന് ആദ്യ ചരക്ക് കപ്പല്‍ അടുക്കുമെന്ന് തുറമുഖ വകുപ്പ്
മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. 15ന് വൈകിട്ട് നാലിന് എത്തുന്ന കപ്പലിനെ വാട്ടര്‍ സല്യൂട്ട് നല്‍കി സ്വീകരിക്കും.
തുറമുഖത്തിന് ആവശ്യമായ കൂറ്റന്‍ ക്രെയിനുകളുമായാണ് കപ്പല്‍ എത്തുന്നത്. അടുത്ത മെയ് മാസത്തോടെ തുറമുഖം ആദ്യഘട്ട പ്രവര്‍ത്തനത്തിന് സജ്ജമാവും.
ഏറ്റവും വലിയ കപ്പലുകള്‍ക്കുപോലും സുഗമമായി വന്നുപോവാനുള്ള സൗകര്യം തുറമുഖത്തുണ്ടെന്നും സന്ദര്‍ശനം നടത്തിയ ശേഷം മാധ്യമ പ്രവര്‍ത്തകരോട് മന്ത്രി പറഞ്ഞു. 20 മീറ്ററില്‍ കൂടുതല്‍ സ്വാഭാവികമായ ആഴം വിഴിഞ്ഞം തുറമുഖത്തുള്ളതിനാൽ കൂറ്റന്‍ കപ്പലുകള്‍ക്കും അനായാസം വന്നുപോവാന്‍ കഴിയും. രാജ്യാന്തര കപ്പല്‍ച്ചാലില്‍നിന്നു 10 നോട്ടിക്കല്‍ മൈല്‍ ദൂരം മാത്രമാണ് വിഴിഞ്ഞത്തേക്കുള്ളത്. വിഴിഞ്ഞം തുറമുഖം വഴി കേരളത്തിലേക്ക് കൂടുതല്‍ വിദേശ സഞ്ചാരികളെ എത്തിക്കാനുള്ള ചര്‍ച്ചകള്‍ നടന്നുവരികയാണ്. ഏറ്റവും കൂടുതല്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലുകളുള്ള സംസ്ഥാനം കേരളമാണ്. വിഴിഞ്ഞം തുറമുഖം വരുന്നതോടെ കൂടുതല്‍ സ്റ്റാര്‍ ഹോട്ടലുകള്‍ വരും. തുറമുഖത്തിനായി സ്ഥലം വിട്ടു നല്‍കിയവര്‍ക്കും താമസ സൗകര്യം നഷ്ടമായവര്‍ക്കും പുനരധിവാസ പാക്കേജ് നടപ്പാക്കുന്നുണ്ട്. നാട്ടുകാരായ തൊഴിലാളികള്‍ക്ക് ജോലി ഉറപ്പുവരുത്തും. അസാപിന്റെ നേതൃത്വത്തില്‍ തൊഴിലാളികള്‍ക്കായി സാങ്കേതിക പരിശീലന കേന്ദ്രം ആരംഭിക്കും. അയ്യായിരത്തോളം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ ആദ്യഘട്ടത്തില്‍ കഴിയും. നാവായികുളം-വിഴിഞ്ഞം റിങ് റോഡ് വരുന്നതോടെ റോഡിന് ഇരുവശത്തും വ്യവസായ കേന്ദ്രങ്ങള്‍ വരും. തുറമുഖത്തോട് ചേര്‍ന്ന് റിങ് റോഡിനായി 6,000 കോടി രൂപ സര്‍ക്കാര്‍ മാറ്റിവച്ചിട്ടുണ്ടെന്നും തുറമുഖത്തിന്റെ മൂന്നാംഘട്ടം 2027ല്‍ പൂര്‍ത്തിയാക്കാനാവുമെന്നാണ് കരുതുന്നതെന്നും മന്ത്രി പറഞ്ഞു. 15ന് ആദ്യ ചരക്ക് കപ്പലിനെ സ്വീകരിക്കാനുളള മുന്നൊരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണ്. 5000 പേര്‍ക്ക് ഇരിക്കാനുള്ള കൂറ്റന്‍ പന്തലാണ്തുറമുഖത്ത് ഒരുക്കുന്നത്.അദാനി ഗ്രൂപ്പ് വിഴിഞ്ഞം സിഇഒ രാജേഷ് ത്സാ, കോര്‍പറേറ്റ് അഫയേഴ്‌സ് മേധാവി സുശീല്‍ നായര്‍ എന്നിവര്‍ നിര്‍മാണ പുരോഗതി വിശദീകരിച്ചു.

Leave A Reply

Your email address will not be published.