Latest Malayalam News - മലയാളം വാർത്തകൾ

വിനേഷ് ഫോഗട്ടും ബജ്റംഗ് പുനിയയും കോൺഗ്രസിൽ

Vinesh Phogat and Bajrang Punia in Congress

ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്‌റംഗ് പുനിയയും കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഇരു താരങ്ങളും കോണ്‍ഗ്രസില്‍ ചേര്‍ന്നത്. നേരത്തെ തന്നെ വിനേഷ് ഫോഗട്ടിന്റെയും ബജ്‌റംഗ് പുനിയയുടെയും രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് നിരവധി വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ഡല്‍ഹിയിലെ കോണ്‍ഗ്രസിന്റെ ഹെഡ്ക്വാര്‍ട്ടേര്‍സില്‍ വെച്ചായിരുന്നു പാര്‍ട്ടിയില്‍ ചേര്‍ന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയെ അദ്ദേഹത്തിന്റെ വസതിയില്‍ സന്ദര്‍ശിച്ചതിന് പിന്നാലെയാണ് ഇരുവരും ഹെഡ്ക്വാര്‍ട്ടേഴ്സില്‍ ചെന്നത്. ബുധനാഴ്ച രണ്ട് പേരും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ സന്ദര്‍ശിച്ചിരുന്നു.

അതേസമയം രാഷ്ട്രീയത്തില്‍ ചേരുകയെന്നത് ഇരുവരുടെയും വ്യക്തിപരമായ തീരുമാനമാണെന്ന് ഗുസ്തിതാരമായ സാക്ഷി മാലിക് അഭിപ്രായപ്പെട്ടു. എനിക്ക് പല പാര്‍ട്ടിയില്‍ നിന്നും നിരവധി വാഗ്ദാനങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഗുസ്തിയിലെ സ്ത്രീകള്‍ക്ക് വേണ്ടി ഉറച്ച് നില്‍ക്കുന്നതിന് വേണ്ടി അവ നിരസിക്കുകയായിരുന്നു എന്നും സാക്ഷി പറഞ്ഞു. കോണ്‍ഗ്രസില്‍ ചേരുന്നതിന് മുമ്പ് വിനേഷ് ഫോഗട്ട് റെയില്‍വേയിലെ ഉദ്യോഗം രാജിവെച്ചിരുന്നു. വ്യക്തിപരമായ കാരണം എന്ന് സൂചിപ്പിച്ചാണ് രാജി വെച്ചത്. സമൂഹമാധ്യമമായ എക്സിലൂടെയാണ് വിനേഷ് രാജിക്കാര്യം അറിയിച്ചത്.

Leave A Reply

Your email address will not be published.