ബാർ കോഴ ആരോപണത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി.ഡി സതീശന് വിജിലന്‍സിന് കത്തുനല്‍കി. രാഷ്ട്രീയ ഉദ്യോഗസ്ഥ തലത്തിൽ വൻ ഗൂഢാലോചന നടന്നു. ടൂറിസം വകുപ്പ് യോഗം ഉന്നതല ഗൂഢാലോചനയ്ക്ക് തെളിവാണെന്നും കത്തിൽ പറയുന്നു. മന്ത്രിമാർ അടക്കമുള്ളവർക്ക് കൈക്കൂലി നൽകാൻ തയ്യാറെടുപ്പ് നടന്നു. ബാര്‍ ഉടമ അസോസിയേഷന് അംഗത്തിന്റെ പുറത്തുവന്ന ശബ്ദസന്ദേശം തെളിവായി എടുത്ത് കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും കത്തില്‍ ആവശ്യപ്പെട്ടു. എക്സൈസ്– ടൂറിസം മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ബാര്‍ ഉടമകള്‍ക്കും എതിരെ അന്വേഷണം വേണമെന്നും പ്രതിപക്ഷം ആവശ്യമുന്നയിച്ചിട്ടുണ്ട്.
ഡ്രൈ ഡേയുള്പ്പടെയുള്ളവ പുതിയ മദ്യനയം വരുമ്പോള്‍ സര്‍ക്കാര്‍ പിന്‍വലിക്കുമെന്നും മറ്റു ഇളവുകൾക്കും കൊടുക്കേണ്ടത് കൊടുക്കണമെന്നുമായിരുന്നു പുറത്തുവന്ന ശബ്ദസന്ദേശം. ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽസ് അസോസിയേഷൻ സംഘടന വൈസ് പ്രസിഡന്റ് അനിമോന്റെതായിരുന്നു ശബ്ദരേഖ. ബാറുടമകൾ 2.5 ലക്ഷം രൂപ വീതം നൽകണമെന്നാണ് ആവശ്യപ്പെട്ടത്. എന്നാല്‍ ശബ്ദസന്ദേശം പുറത്ത് വന്നതിന് പിന്നാലെ സര്‍ക്കാരിലേക്ക് അല്ല പണം ആവശ്യപ്പെട്ടതെന്നും കെട്ടിടത്തിന്റെ നിര്‍മാണത്തിലേക്കാണെന്നും വിശദീകരണവും തുടര്‍ന്ന് വന്‍ വിവാദവും ഉണ്ടായിരുന്നു. മദ്യനയത്തെ കുറിച്ച് സര്‍ക്കാര്‍ ആലോചിച്ചിട്ടില്ലെന്ന് മന്ത്രി എം.ബി രാജേഷും പ്രതികരിച്ചു.