Kerala News Today-കൊച്ചി: മുന്‍ എസ്എഫ്ഐ നേതാവ് വിദ്യ.കെ കാസർഗോഡും വ്യാജസര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാതായി കണ്ടെത്തി.
കരിന്തളം ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിൽ ഒരുവര്‍ഷം ജോലിചെയ്തു. 2022 ജൂണ്‍ മുതല്‍ 2023 മാര്‍ച്ച് വരെയായിരുന്നു നിയമനം.
എറണാകുളം മഹാരാജാസ് കോളജിൻ്റെ പേരില്‍ വ്യാജരേഖ ചമച്ചതിന് വിദ്യയ്‌ക്കെതിരെ കോളേജ് അധികൃതര്‍ പോലീസില്‍ പരാതി നല്‍കി.
മഹാരാജാസ് കോളേജിലെ പൂർവ വിദ്യാർഥിനിയായിരുന്നു കാസർഗോഡ് സ്വദേശിനി വിദ്യ.കെ. 2018 മുതൽ 2021 വരെ മഹാരാജാസ് കോളേജിൽ താത്കാലിക അധ്യാപികയായിരുന്നു എന്ന വ്യാജ രേഖയാണ് വിദ്യ ഉപയോഗിച്ചത്.
പ്രിൻസിപ്പലിന്‍റെ ഒപ്പും സീലും ഉൾപ്പെടുത്തി ഉണ്ടാക്കിയെടുത്ത സർട്ടിഫിക്കറ്റിൻ്റെ പകർപ്പാണ് വിദ്യ പാലക്കാട് അട്ടപ്പാടി ഗവ. കോളേജിലെ താൽകാലിക അധ്യാപക നിയമനത്തിന് ഹാജരാക്കിയത്.
സംശയം തോന്നിയ അധ്യാപകർ മഹാരാജാസ് കോളേജിൽ വിവരം അറിയിച്ചതോടെ സംഭവം പുറത്തായി. മഹാരാജാസ് കോളേജ് പ്രിൻസിപ്പലിന്‍റെ പരാതിയിൽ എറണാകുളം സെൻട്രൽ പോലീസ് രജിസ്റ്റർ ചെയ്ത കേസ് അട്ടപ്പാടി പോലീസിന് കൈമാറും. ഇതിന് പിന്നാലെയാണ് വിദ്യ മുൻപ് ജോലി ചെയ്ത കരിന്തളം ഗവൺമെന്റ് കോളേജിലും അന്വേഷണം നടന്നത്. ഇവിടെയും വ്യാജരേഖ ഉപയോഗിച്ചെന്ന് വ്യക്തമായതോടെ വിദ്യക്കെതിരെ കൂടുതൽ ശക്തമായ അന്വേഷണം വരും.
അതേസമയം വിദ്യയെ അറിയാമെന്നും എന്നാൽ വ്യാജരേഖ ചമച്ചതിൽ പങ്കില്ലെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ അറിയിച്ചു.
Kerala News Today