KERALA NEWS TODAY KOCHI:
കൊച്ചി മറൈൻഡ്രൈവിലെ അബ്ദുൾകലാം മാർഗിൽ ആൾത്തിരക്കുള്ള നടപ്പാതയിൽ കുരച്ചുചാടുന്ന വളർത്തുനായയുമായി വീഡിയോ പകർത്താനിറങ്ങിയ വ്ലോഗർ അറസ്റ്റിലായി. നടക്കുന്നവരുടെ മുന്നിലേക്ക് പലതവണ കുതിച്ചുചാടിയ നായയെ മാറ്റാനാവശ്യപ്പെട്ടിട്ടും യുവാവ് അവഗണിച്ചു. പിന്നാലെ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റെ ഗൺമാന്റെ പരാതിയിലാണ് അറസ്റ്റ്.
ചൊവ്വാഴ്ച വൈകിട്ട് 6.45നാണ് പത്തനംതിട്ട എരിമറ്റൂർ സ്വദേശി അജു ജോസഫ് (42) നായയുമായി ഷൂട്ടിനിറങ്ങിയത്. നായയുടെ ബെൽറ്റിൽ അജു പിടിച്ചിട്ടുണ്ടെങ്കിലും എതിരേ ആളുകൾ നടന്നുവരുമ്പോൾ പലവട്ടം കുരച്ചുചാടി. പലരും ഒഴിഞ്ഞുമാറി. ആളുകൾക്ക് ഭീഷണിയാണെന്ന് ഒരാൾ മുന്നറിയിപ്പുനൽകി. മറ്റാളുകളും നായയുമായി നടക്കാറുണ്ടെന്നും താൻ വന്നപ്പോൾമാത്രം എന്താണ് പ്രശ്നമെന്നുമായിരുന്നു വ്ലോഗറുടെ മറുചോദ്യം.ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണനും നടക്കുന്നവരുടെ കൂട്ടത്തിലുണ്ടായിരുന്നു. വിഷയത്തിലിടപെടാൻ ജഡ്ജി ഗൺമാനോട് ആവശ്യപ്പെട്ടു. യൂണിഫോമിലുള്ള ഗൺമാൻ കിഷോർ ആൾത്തിരക്കുള്ളയിടത്ത് നായയുമായി നടക്കുന്നതിലെ പ്രശ്നം പറഞ്ഞു. ഇത് ഗൗനിക്കാതെ തർക്കം തുടർന്ന അജു, ഗൺമാൻ പറയുന്നത് മൊബൈലിൽ പകർത്തുകയും ചെയ്തു. ഇതോടെ പൊലീസ് സ്ഥലത്തെത്തി അജുവിനെ കസ്റ്റഡിയിലെടുത്തു.ജനങ്ങൾക്കും ഹൈക്കോടതി ജഡ്ജിക്കും അപകടംവരുത്തുംവിധം പട്ടിയെ അഴിച്ചുവിട്ട് ജീവന് ഭീഷണിയുണ്ടാക്കിയെന്നകാര്യം ചൂണ്ടിക്കാട്ടി മൃഗങ്ങളെ അലക്ഷ്യമായി കൊണ്ടുനടന്നതിനാണ് കേസ്. അറസ്റ്റിനുശേഷം ജാമ്യത്തിൽ വിട്ടു. ഐപിസി സെക്‌ഷൻ 289 പ്രകാരം ആറുമാസംവരെ തടവുകിട്ടാവുന്ന കുറ്റമാണ്.