Kerala News Today-കൊട്ടാരക്കര: ഡോ. വന്ദന ദാസ് കൊലക്കേസില്‍ പ്രതി സന്ദീപുമായി കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ തെളിവെടുപ്പ് നടത്തി. ക്രൈംബ്രാഞ്ച് സംഘം പുലര്‍ച്ചെ നാലരയ്ക്കാണ് തെളിവെടുപ്പ് തുടങ്ങിയത്. കൊലപാതകവും കൊലപാതകത്തിന് ശേഷം നടന്ന കാര്യങ്ങളും പ്രതി പോലീസിനോട് വിവരിച്ചു. കൊലപാതകം നടന്ന സമയത്ത് തന്നെ പ്രതിയെ എത്തിച്ചായിരുന്നു തെളിവെടുപ്പ്.
തെളിവെടുപ്പ് സമയത്ത് നിർണായക മൊഴികൾ പ്രതിയിൽ നിന്നും അന്വേഷണസംഘത്തിന് ലഭിച്ചു. ഒരു മുറിയിൽ കയറിയത് മാത്രമേ ഓർമ്മയുള്ളൂ എന്ന് മൊഴി നൽകി. കത്രിക എവിടുന്ന് കിട്ടിയെന്നും ഉപേക്ഷിച്ചതെവിടെയെന്നും പ്രതി അന്വേഷണ സംഘത്തോട് പറഞ്ഞു. കത്രിക ഉപേക്ഷിച്ച ശേഷം വാട്ടർ പ്യൂരിഫയറിൽ നിന്ന് വെള്ളം കുടിച്ചെന്നും മുഖം കഴുകിയെന്നും സന്ദീപ് മൊഴി നൽകി. അതേസമയം കഴിഞ്ഞ ദിവസം സന്ദീപിനെ വീണ്ടും മാനസിക പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു.
സർക്കാർ നിർദേശ പ്രകാരം മെഡിക്കൽ കോളജിൽ നിന്നുള്ള വിദഗ്ധ സംഘമാണ് പരിശോധന നടത്തിയത്. പേരൂർക്കട മനസികാരോഗ്യ കേന്ദ്രത്തിൽ ആയിരുന്നു പരിശോധന. പ്രതിക്ക് മാനസിക പ്രശ്നങ്ങൾ ഇല്ലെന്ന് വിദഗ്ദ്ധ സംഘം കണ്ടെത്തി. ഇതോടെ പ്രതിക്ക് മാനസിക പ്രശ്നങ്ങൾ ഇല്ലെന്ന ആദ്യ റിപ്പോർട്ട് വിദഗ്ദ്ധ സംഘവും ശരിവച്ചു. ലഹരിക്ക് അടിമപ്പെട്ടാണ് സന്ദീപ് കൊല നടത്തിയതെന്ന് വിലയിരുത്തൽ. കൊലപാതക സമയത്ത് മാരകമായ സിന്തറ്റിക് മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായും സംശയമുണ്ട്.
Kerala News Today