കേരളത്തിലെ പ്രമുഖ ക്ഷേത്രങ്ങളിലെ അടക്കം നിത്യോപയോഗമില്ലാത്ത 535 കിലോഗ്രാം സ്വർണം ഏറ്റെടുക്കാനൊരുങ്ങി എസ്ബിഐ. ശബരിമലയുൾപ്പെടെയുള്ള ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിലെ സ്വർണമായിരിക്കും ജനുവരി പകുതിയോടെ നിക്ഷേപ പദ്ധതിയിൽ എസ്ബിഐക്ക് കെെമാറുക. ഹൈക്കോടതി അനുമതിയോടെ എട്ടുമാസമായി തുടരുന്ന പരിശോധനയും കണക്കെടുപ്പും പൂർത്തിയായതിൻ്റെ പശ്ചാത്തലത്തിലാണ് തീരുമാനം. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള 1252 ക്ഷേത്രങ്ങളിലെ സ്വർണം 21 സ്ട്രോങ് റൂമുകളിലായി സൂക്ഷിച്ചിരിക്കുകയാണ്. പ്രധാനമായും ഭക്തർ കാണിക്കയായും നടയ്ക്കു വെച്ചതുമായ ആഭരണങ്ങളാണ് ക്ഷേത്രങ്ങളിലുള്ളത്. ഇപ്പോഴത്തെ സ്വർണവിലയനുസരിച്ച് 10 കോടിയോളം രൂപ പ്രതിവർഷം പലിശയിനത്തിൽ ലഭിക്കും. അഞ്ചുവർഷത്തേക്കുള്ള നിക്ഷേപപ്പദ്ധതിക്ക് ദേവസ്വംബോർഡ് യോഗം അന്തിമാനുമതി നൽകി.