Latest Malayalam News - മലയാളം വാർത്തകൾ

അർജുനെ കണ്ടെത്താൻ ശ്രമിക്കണം ; ആവശ്യവുമായി കർണാടകയ്ക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

Try to find Arjun; Chief Minister Pinarayi Vijayan sent a letter to Karnataka with the demand

കര്‍ണാടകയിലെ ഷിരൂര്‍ ദേശീയ പാതയിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ അർജുനെ കണ്ടെത്താൻ ശ്രമിക്കണമെന്ന് കർണാടകയോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. ആവശ്യമുന്നയിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് മുഖ്യമന്ത്രി കത്തയച്ചു. നിലവിൽ തെരച്ചിൽ നിർത്തിവെച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി കത്തയച്ചത്. ഇന്ന് അർജുൻ്റെ കുടുംബത്തെ കോഴിക്കോട്ടെ വീട്ടിലെത്തി മുഖ്യമന്ത്രി സന്ദർശിച്ചിരുന്നു. ഉച്ചയോടെയാണ് മുഖ്യമന്ത്രി അർജുന്റെ വീട്ടിലെത്തിയത്. അർജുനെ കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന ആശങ്കകൾ കർണാടക സർക്കാരിനെ അറിയിക്കുമെന്നും ബന്ധപ്പെട്ട നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി കുടുംബാംഗങ്ങൾക്ക് ഉറപ്പുനൽകി. ഏത് പ്രയാസങ്ങളിലും കൂടെയുണ്ടാവുമെന്ന ഉറപ്പുനൽകിയാണ് മുഖ്യമന്ത്രി അവിടെ നിന്നും മടങ്ങിയത്.

അർജുന്റെ കുടുംബാംഗങ്ങളുമായി നടത്തിയ സന്ദർശനത്തിന് പിന്നാലെയാണ് കർണാടകയ്ക്ക് കത്തയച്ചത്. അടിയൊഴുക്ക് ശക്തമായ ഗംഗാവലി പുഴയിലേക്ക് ഇറങ്ങി ഒരാൾക്ക് പരിശോധിക്കാനുള്ള സാഹചര്യം ഇപ്പോഴുമില്ലെന്നാണ് ജില്ലാ ഭരണകൂടം പറയുന്നത്. സ്വമേധയാ പുഴയിലിറങ്ങാൻ തയ്യാറാണെന്ന് മത്സ്യത്തൊഴിലാളിയായ ഈശ്വർ മാൽപേയും സംഘവും പറഞ്ഞിട്ടുണ്ടെങ്കിലും അതിന് നിലവിൽ ജില്ലാ ഭരണകൂടം അനുമതി നൽകിയിട്ടില്ല. നാവികസേനയുടെ സഹായത്തോടെ കഴിഞ്ഞ മാസം ഇരുപത്തിയാറാം തീയതി മൂന്ന് തവണ ഈശ്വർ മാൽപേ പുഴയിലിറങ്ങി മുങ്ങാൻ ശ്രമിച്ചെങ്കിലും ഒരു തവണ വടം പൊട്ടി ഒഴുകിപ്പോയിരുന്നു.

Leave A Reply

Your email address will not be published.