Latest Malayalam News - മലയാളം വാർത്തകൾ

തൃശൂര്‍ പൂരം വിവാദം ; സുരേഷ് ഗോപിയുടെ ആംബുലന്‍സ് യാത്രയില്‍ എംവിഡി അന്വേഷണം

Thrissur Pooram Controversy; MVD investigation into Suresh Gopi's ambulance journey

തൃശൂര്‍ പൂരത്തിനിടെയുള്ള സുരേഷ് ഗോപിയുടെ ആംബുലന്‍സ് യാത്രയില്‍ അന്വേഷണം. മോട്ടോര്‍ വാഹന വകുപ്പാണ് അന്വേഷണം നടത്തുന്നത്. തൃശൂര്‍ റീജിണല്‍ ട്രാന്‍സ്‌പോര്‍ട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസര്‍ക്കാണ് അന്വേഷണ ചുമതല. ഹൈക്കോടതി അഭിഭാഷകനായ കെ സന്തോഷ് കുമാര്‍ സുരേഷ് ഗോപിയുടെ ആംബുലന്‍സ് യാത്ര ചട്ട വിരുദ്ധമാണെന്ന് കാണിച്ച് ഗതാഗത വകുപ്പിനും മുഖ്യമന്ത്രിക്കും കഴിഞ്ഞ മാസം പരാതി നല്‍കിയിരുന്നു. ചികിത്സാ ആവശ്യങ്ങള്‍ക്കായുള്ള ആംബുലന്‍സ് മറ്റുവാഹനമായി ഉപയോഗിച്ചതിനാണ് പരാതി നല്‍കിയത്. ഈ പരാതിയിന്‍മേലാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ ഉത്തരവ്. സുരേഷ് ഗോപിയുടെ ആംബുലന്‍സ് യാത്രയെ കുറിച്ച് അന്വേഷിച്ച് അടിയന്തിരമായി റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം.

തൃശൂര്‍ പൂരം കലങ്ങിയതിന് പിന്നാലെ സുരേഷ് ഗോപി ആംബുലന്‍സില്‍ തിരുവമ്പാടി ദേവസ്വത്തിലേക്കെത്തിയത് ഏറെ വിവാദമായിരുന്നു. സേവാഭാരതിയുടെ ആംബുലന്‍സിന്റെ മുന്‍സീറ്റില്‍ ഇരുന്നു സുരേഷ് ഗോപി വന്നിറങ്ങുന്ന ദൃശ്യങ്ങളുള്‍പ്പടെ പുറത്ത് വരികയും ചെയ്തു. ഇതുവരെ ഇതുമായി ബന്ധപ്പെട്ട് നടപടിയൊന്നും ഉണ്ടായിരുന്നുമില്ല. എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥിയായിരുന്ന വിഎസ് സുനില്‍ കുമാര്‍ ഉള്‍പ്പടെ ഇതുമായി ബന്ധപ്പെട്ട് ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. മറ്റു വാഹനങ്ങള്‍ക്കു പ്രവേശനമില്ലാതെ അടച്ചിട്ട മേഖലയിലേക്ക് ആംബുലന്‍സില്‍ സുരേഷ് ഗോപിയെ എത്തിച്ചതില്‍ ഗൂഢാലോചനയുണ്ടെന്നാണ് വ്യാപകമായി ഉയര്‍ന്ന ആരോപണം.

Leave A Reply

Your email address will not be published.